palakkad express news

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; ജില്ലയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ ജില്ലയില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളില്‍   കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ ടെക്‌നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ ജെ വില്‍സണ്‍ എന്നിവരും പങ്കെടുത്തു.
      വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കെഎസ്ഇബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന്  തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വൈദ്യുതി നിരക്കില്‍ ഇനിയും വര്‍ദ്ധനവുണ്ടായാല്‍ കാര്‍ഷികമേഖലയ്ക്ക് താങ്ങാനാകാത്ത അവസ്ഥയുണ്ടാകുമെന്നും മേഖല പിന്നോട്ട് പോകുന്ന അവസ്ഥ കൈവരുമെന്നും ജില്ലയിലെ കര്‍ഷകസംഘടന പ്രതിനിധികള്‍ തെളിവെടുപ്പില്‍ വ്യക്തമാക്കി. കാര്‍ഷികജില്ലയെന്ന പരിഗണനയില്‍ കര്‍ഷകസംഘടനപ്രതിനിധികള്‍ക്കാണ് കമ്മീഷന്‍ തെളിവെടുപ്പിന്റെ തുടക്കത്തില്‍ സംസാരിക്കാന്‍ അവസരം കൊടുത്തത്.  
     വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ കമ്മീഷന്‍ മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. നിലവില്‍ മേഖലാ തലങ്ങളില്‍ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകള്‍ എല്ലാ ജില്ലകളിലും നടത്തണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു. നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നല്‍കുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകള്‍ മലയാളത്തിലാക്കുക, സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു.

കര്‍ഷകസംഘടനപ്രതിനിധികള്‍, പാടശേഖരസമിതികള്‍,സോളാര്‍ വെന്‍ഡര്‍, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം, കെഎസ്ഇബി സീനിയേഴ്‌സ് ഫോറം, ആം ആദ്മി പാര്‍ട്ടി ,കെഎസ്ഡിപിസി,യുനൈറ്റഡ് മെര്‍ച്ചന്റ്‌സ് ചേബര്‍, കേരള ഇലക്ട്രിക്കല്‍ ലൈസെന്‍സ്ഡ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, കേരള കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍,   തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെ പേരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്.

വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ ശുപാര്‍ശകളിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും kserc@erckerala.org എന്ന ഇ-മെയില്‍ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെപിഎഫ്‌സി ഭവനം, സി വി രാമന്‍ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയും സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബി ശുപാര്‍ശകളുടെ പകര്‍പ്പ് www.erckerala.orgല്‍ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *