palakkad express news

കിണറ്റിങ്കര പാടശേഖരത്തിൽ മദ്യപാനവും മാലിന്യ നിക്ഷേപവും; കർഷകർ ദുരിതത്തിൽ

തിരുവില്വാമല: കൂട്ടുപാത വാർഡ് 10-ലെ കിണറ്റിങ്കര പാടശേഖരത്തിന്റെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മാലിന്യ നിക്ഷേപവും തുടരുന്നതായി പരാതി. പ്രദേശത്ത് ആളുകൾ സംഘം ചേർന്ന് മദ്യപിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്തശേഷം മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ പാടത്തും പരിസരങ്ങളിലും ഉപേക്ഷിക്കുന്നതായാണ് പരാതി.

മദ്യക്കുപ്പികൾ പലതും പൊട്ടിച്ചിതറിയ നിലയിൽ കൃഷിയിടത്തിൽ കിടക്കുന്നതിനാൽ കർഷകർക്ക് പാടത്തേക്ക് ഇറങ്ങി കൃഷിപ്പണികൾ ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാടശേഖരത്തിൽ ഉപേക്ഷിക്കുന്നത് പരിസര മലിനീകരണത്തിനും കൃഷിയിടത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്കും ഭീഷണിയാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.പ്രദേശത്തെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കിണറ്റിൻകര കർഷക സമിതി അംഗം .

ഉണ്ണിക്കുട്ടൻ നങ്ങത്തിന്റെ നേതൃത്വത്തിൽ കൂട്ടുപാത വാർഡ്-10 വികസന സമിതി ഇടപെട്ട് പാടശേഖരത്തിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തുകയായിരുന്നു. ഇതോടെ പ്രദേശം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയെങ്കിലും, മുമ്പും ഇതുപോലെ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് വീണ്ടും മാലിന്യം വലിച്ചെറിയുന്നതും രാത്രികാലങ്ങളിൽ മദ്യപാനവും മറ്റും തുടരുന്നതായാണ് പാടശേഖരസമിതിയുടെ പരാതി. കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രികാല നിരീക്ഷണം ശക്തമാക്കുകയും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് ഇവിടുത്തെ കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. നിരോധിത വസ്തുക്കളും, മദ്യവും മറ്റും സുലഭമായ വിൽക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി പൊതുസ്ഥലങ്ങളും കൃഷിയിടങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി വൃത്തിഹീനമാക്കി മാറ്റുന്ന പ്രവണത തടയാൻ ബന്ധപ്പെട്ട അധികൃതരും എക്സൈസ് വകുപ്പും അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയരുന്നു.

Leave a Comment

Your email address will not be published. Required fields are marked *