palakkad express news

ആശ്വാസ് 2026′ സഹകരണ വകുപ്പിന്റെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ആശ്വാസ് 2026’ സഹകരണ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന് ആന്റോ ആന്റണി എം പി. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സാധാരണക്കാര്‍ ആദ്യം ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. പതിറ്റാണ്ടുകളായി നാടിന്റെ അഭിവൃദ്ധിക്ക് പിന്നില്‍ സഹകരണ ബാങ്കുകള്‍ക്ക് വലിയ പങ്കുണ്ട്. പ്രതികൂല സാഹചര്യം കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് സഹായഹസ്തം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജകമണ്ഡല തലത്തിലും ജില്ലാതലത്തിലും സമിതികള്‍ രൂപീകരിച്ച് വിപുലമായ ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭ്യമാക്കുന്നുവെന്നും എംപി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാര്‍ക്ക് അവരുടെ കടബാധ്യതയില്‍ നിന്ന് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പദ്ധതി ആവിഷ്‌കരിച്ചത്. വിവിധ കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് പരമാവധി പലിശ ഇളവ് നല്‍കി വായ്പ അവസാനിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളുടെ വര്‍ധിച്ചു വരുന്ന നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകും. 210 അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കി.ചടങ്ങില്‍ അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനായി. പഴകുളം മധു എംഎല്‍എ, തിരുവല്ല സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ പ്രമോദ് ഇളമണ്‍, കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആര്‍ രഘുനാഥ്, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍) കെ സി വിജയകുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ഭരണം) എ എസ് ആന്‍സി, അസിസ്റ്റന്റ് രജിസ്ട്രാര്‍ ( പ്ലാനിംഗ്്) ഷാജി ജോണ്‍, ഉദ്യോഗസ്ഥര്‍, സഹകരണസംഘം സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *