
. ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഞ്ച് പുതിയ തസ്തികൾ അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 4 എണ്ണം, ജൂനിയർ കൺസൾട്ടന്റ് അനസ്തേഷ്യ 1 എന്നീ തസ്തികകളാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ 4 പുതിയ തസ്തികകൾ അനുവദിച്ചത് മൂലം ക്യാഷ്വാലിറ്റി പ്രവർത്തനം 24 മണിക്കൂറും സുഗമമായി നടത്താൻ കഴിയും. അനസ്തേഷ്യ ഡോക്ടറുടെ തസ്തിക അനുവദിച്ചത് മൂലം ഗൈനക്കോളജി എല്ലുരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം എന്നീ വിഭാഗങ്ങളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാൻ കഴിയും. നിലവിൽ സിവിൽ സർജൻ (സൂപ്രണ്ട്)1 അസിസ്റ്റന്റ് സർജൻ 5 സ്പെഷ്യാലിറ്റി കേഡർ വിഭാഗം ഡോക്ടർമാരായ പീഡിയാട്രിക് 1 ,ഗൈനക്കോളജി 2, ഓർത്തോപീഡിക് 1 എന്നീ തസ്തികകളും ഡെന്റൽ സർജൻ 1, അടക്കം ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ എണ്ണം 16 ആയി ഉയർന്നു.ഗൈനക്കോളജി വിഭാഗത്തിന് ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ആരോഗ്യവകുപ്പ് അഞ്ചു കോടി രൂപയും നിലവിൽ അനുവദിച്ചിട്ടുണ്ട്. ചേലക്കര താലൂക്ക് ആശുപത്രിയിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിച്ച് മണ്ഡലത്തിൽ ഉള്ളവർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് കാണിച്ച് എം.എൽ.എ യുആർ പ്രദീപ് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭയിൽ ചോദ്യവും ഉന്നയിച്ചിരുന്നു.