
കടല്‍ തീരമില്ലാത്ത ഉള്‍നാടന്‍ ജില്ലയായ പാലക്കാട് മത്സ്യകൃഷിയില്‍ മറ്റ് ജില്ലകള്‍ക്ക് മാതൃകയാകുകയാണ്. പ്രകൃത്യാലുള്ള പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പാലക്കാട്. ജില്ലയിലെ മിക്ക പുഴകളിലും അണക്കെട്ടുകളും തടയണകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ മത്സ്യകൃഷിക്കും മത്സ്യബന്ധനത്തിനും അനുയോജ്യമാണ്. മത്സ്യബന്ധനത്തെ അപേക്ഷിച്ച് മത്സ്യകൃഷിക്കാണ് ജില്ലയില്‍ പ്രാധാന്യമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ടാങ്കുകള്‍, പടുതാകുളങ്ങള്‍, സ്വകാര്യ കുളങ്ങള്‍, പൊതു കുളങ്ങള്‍, എന്നിവയിലാണ് പ്രധാനമായും ജില്ലയില്‍ മത്സ്യകൃഷി നടക്കുന്നത്. കുളങ്ങള്‍ കൂടുതല്‍ ഉള്ള ജില്ല ആയതിനാല്‍ കുളങ്ങളിലെ മത്സ്യകൃഷിക്ക് ഏറെ പ്രാധാന്യമുണ്ട്.

പരമ്പരാഗത രീതിയിലും ശാസ്ത്രീയ അടിത്തറയോടെയും കര്‍ഷകര്‍ നൂതന കൃഷി രീതികളാണ് പ്രയോഗിക്കുന്നത്. ബഹുഭൂരിപക്ഷം കര്‍ഷകരും സമ്മിശ്ര കൃഷി രീതിയായ കാര്‍പ്പ് മത്സ്യകൃഷിയാണ് ചെയ്ത് വരുന്നത്. കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയവയും, നൈല്‍ തിലാപിയ, ആസാം വാള, വരാല്‍, അനബാസ് തുടങ്ങിയ ഇനം മത്സ്യങ്ങളെയും ജില്ലയില്‍ കൃഷി ചെയ്തു വരുന്നു. കുളങ്ങളിലെ മത്സ്യകൃഷി കൂടാതെ നൂതന കൃഷി രീതികളായ പടുതാകുളങ്ങളിലെ അതി സാന്ദ്രതാ മത്സ്യകൃഷി, റീ- സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം അഥവാ അക്വാപോണിക്സ്, ബയോഫ്ലോക്ക് മത്സ്യകൃഷി, ക്വാറിക്കുളങ്ങളില്‍ കൂട് മത്സ്യകൃഷി എന്നിവയും നടപ്പിലാക്കി വരുന്നു. ഇത്തരം കൃഷി രീതികള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ നടപ്പിലാക്കുമ്പോള്‍ മത്സ്യകൃഷിക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ജലാശയങ്ങള്‍ മത്സ്യകൃഷിക്കായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനായുള്ള നടപടികള്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ജില്ലയില്‍ 1000 ഹെക്ടര്‍ വിസ്തൃതിയില്‍ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി നടപ്പിലാക്കുന്നതിനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്