palakkad express news

മിൽക്ക് ബാങ്ക് വൻവിജയം: 17,307 കുഞ്ഞുങ്ങൾക്ക് പ്രയോജനം ലഭിച്ചു

ആശുപത്രികളിൽ മിൽക്ക് ബാങ്ക്, രണ്ടിടങ്ങളിൽ സജ്ജമായി വരുന്നു*മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശം: മുലയൂട്ടൽ വാരാചരണംസംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സർക്കാരിന്റെ കാലത്ത് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും മുലപ്പാൽ ബാങ്കുകൾ സജ്ജമായി വരുന്നു. 3 മുലപ്പാൽ ബാങ്കുകളിൽ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങൾക്കാണ് മുലപ്പാൽ നൽകിയത്. 4673 അമ്മമാരാണ്

മുലപ്പാൽ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 11,441 കുഞ്ഞുങ്ങൾക്കും തൃശൂർ മെഡിക്കൽ കോളേജിൽ 4870 കുഞ്ഞുങ്ങൾക്കും എറണാകുളം ജനറൽ ആശുപത്രിയിൽ 996 കുഞ്ഞുങ്ങൾക്കുമാണ് മുലപ്പാൽ നൽകിയത്. ഈ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് സജ്ജമാക്കും. കൂടുതൽ ആശുപത്രികളിൽ മിൽക്ക് ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 7 വരെ മുലയൂട്ടൽ വാരാചരണം നടക്കുകയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാൽ. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകേണ്ടതും ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാൽ അമ്മമാരുടെ പകർച്ചവ്യാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെന്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങി വിവിധ കാരണങ്ങളാൽ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് കൂടി മുലപ്പാൽ ഉറപ്പാക്കാനാണ് മിൽക്ക് ബാങ്ക് സജ്ജമാക്കിയത്.സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കൾ. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യമുള്ള അമ്മമാർക്കും മുലപ്പാൽ ദാനം ചെയ്യാം. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പാക്കിയാണ് പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

ഫ്രീസറിനുളളിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാനുമാകും.മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും വനിതാ ശിശുവികസന വകുപ്പും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. പൊതുയിടങ്ങളിലും ആശുപത്രികളിലും മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ളതും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചു. 45 ആശുപത്രികളിൽ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പ്രകാരമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.അമ്മമാർ മുലയൂട്ടൽ അവരുടെ കടമയായി ഏറ്റെടുക്കുകയും കുടുംബാംഗങ്ങൾ അവർക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി നൽകാൻ കഴിയുന്ന അമൂല്യമായ ഒന്നാണ് മുലയൂട്ടൽ.

Leave a Comment

Your email address will not be published. Required fields are marked *