വിദ്യാലയത്തിന്റെ ഭൗതിക- അക്കാദമിക് നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒറ്റപ്പാലം ഗവ.ബധിര വിദ്യാലയത്തില്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.കെ പ്രേംകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വിദ്യാലയത്തിലെ കുട്ടികളുടെ പാര്‍ക്കിന് മേല്‍ക്കൂര നിര്‍മ്മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് അക്കാദമിക്, ഭൗതികം, സാമൂഹ്യം, സൗന്ദര്യവത്കരണം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഫിസിക്സ്, കമ്പ്യൂട്ടര്‍, സ്പീച്ച് ലാബുകളും ഓഡിയോളജി, ലൈബ്രറി മുറികളും നവീകരിച്ചു.ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് ഗ്രൂപ്പ് ഹിയറിങ് സിസ്റ്റം ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും ഓഡിയോഗ്രാം നടത്താനുള്ള പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി കളിസ്ഥലം, പ്രത്യേക പാര്‍ക്ക്, ലോങ്ങ് ജമ്പ് ബിറ്റ് എന്നിവ തയ്യാറാക്കി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി. കൂടാതെ വിദ്യാലയത്തിലെ ചുമരുകള്‍ വര്‍ണ്ണ ചിത്രങ്ങളാലും മനോഹരമാക്കി.പഠനത്തോടൊപ്പം കുട്ടികള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി തയ്യല്‍ പരിശീലനവും വിദ്യാലയത്തിനോട് ചേര്‍ന്ന് നടത്തുന്നുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് തയ്യല്‍ പരിശീലനം നല്‍കുന്നത്. പരിശീലനം ലഭിച്ച രക്ഷിതാക്കളാണ് ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ യൂണിഫോം തയ്യാറാക്കിയത് എന്നത് പദ്ധതിയുടെ വിജയമാണ്.30 സെന്റില്‍ വിപുലമായ കൃഷിയിടവും വിദ്യാലയത്തില്‍ മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നുണ്ട്. വാഴത്തോട്ടം തക്കാളി, പച്ചമുളക്, വഴുതനങ്ങ, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തു വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് പ്രയോജനപ്പെടുത്തും.പരിപാടിയില്‍ ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്സണ്‍ ജാനകി ദേവി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ മണികണ്ഠന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക മിനികുമാരി, പ്രിന്‍സിപ്പല്‍ ലബീന, പിടിഎ പ്രസിഡന്റ് ശിവശങ്കരന്‍, സ്റ്റാഫ് സെക്രട്ടറി സാജിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടത്തി