പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭ്യമാകുന്നുണ്ടെന്ന കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉദ്യോഗസ്ഥര്‍ ഒരേ പരിഗണന നല്‍കണമെന്ന് ജില്ലകളക്ടര്‍ പറഞ്ഞു. അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവുമായ രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം, ഉദ്യോഗസ്ഥ – ഏജന്റ് മാഫിയ കൂട്ടുകെട്ട്, അനധികൃത മണ്ണെടുപ്പ്, ഭൂമി കൈയേറ്റം, നെല്‍വയല്‍ / തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തല്‍, റോഡ് തകര്‍ന്നത്, ഭരണഭാഷ ഉപയോഗിക്കാത്തത് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 16 പരാതികള്‍ കമ്മിറ്റിക്ക് മുന്നിലെത്തി. ഈ പരാതികള്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മുന്‍ യോഗത്തില്‍ ലഭിച്ച 15 പരാതികളില്‍ നടപടികള്‍ സ്വീകരിച്ചതായി വിജിലന്‍സ് ഡിവൈ.എസ്.പി മറുപടി നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി.സുരേഷ്, വിജിലന്‍സ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്‍സ് ജോസഫ്, ഷിജു എബ്രഹാം, അരുണ്‍ പ്രസാദ്, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.