ജില്ലാ ആശുപത്രി ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി) മുഖേന ഉള്ള ഒപി ടിക്കറ്റ് വിതരണം ആരംഭിക്കുന്നു. യു.എച്ച്.ഐ.ഡി സാർവത്രികമാകുന്നതോടെ റിസപ്ഷൻ, ഒപി ടിക്കറ്റ് , ബില്ല് അടയ്ക്കൽ എന്നിവയിലെ തിരക്ക് കുറയുന്നതിനും ഭാവിയിൽ ഓൺലൈൻ ആയി ഒ.പി ടിക്കറ്റ് എടുക്കുന്നതിനും സാധിക്കും. ജില്ലയിൽ നിലവിൽ 45 ആരോഗ്യസ്ഥാപനങ്ങളിൽ ആണ് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഇ ഹെൽത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഈ സംവിധാനം ഏതാനും മാസങ്ങൾക്കുള്ളിൽ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.പാലക്കാട് ജില്ലാ ആശുപത്രിയിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സാക്കായി എത്തി ചേരുന്ന എല്ലാ രോഗികളും യു.എച്ച്.ഐ.ഡി കാർഡ് കൊണ്ടുവരേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കാർഡ് ലഭിക്കാത്തവർ ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറും കയ്യിൽ കരുതണമെന്നും സൂപ്രണ്ട് അറിയിച്ചു.