വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നിരീക്ഷകനെ നേരില്‍ അറിയിക്കാം
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ – 2025 ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകൻ (ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍) പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേരള സര്‍ക്കാര്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് സെക്രട്ടറിയായ കെ. ബിജു ആണ് ജില്ലയിലെ വോട്ടർ പട്ടിക നിരീക്ഷകൻ.
നീരീക്ഷന്റെയും ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്രയുടെയും സാന്നിധ്യത്തിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും ചേര്‍ന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നൽകി. കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടിക നിരീക്ഷകനെ 9446 022 479 എന്ന മൊബൈല്‍ നമ്പറില്‍ നേരിട്ട് അറിയിക്കാം.
ശുദ്ധീകരിച്ച വോട്ടര്‍ പട്ടിക സുതാര്യമായ തിരഞ്ഞെടുപ്പിന് ഏറ്റവും അനിവാര്യമാണെന്ന് നീരീക്ഷകന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പരമാവധി പുതിയ വോട്ടര്‍മാരെ ഉൾപ്പെടുത്തുന്നതിന് സൗകര്യമൊരുക്കും. ഇതിനായി ക്യാംപസുകളും മറ്റും കേന്ദ്രീകരിച്ച് സ്വീപ്പ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേകം ക്യാംപെയിനുകള്‍ സംഘടിപ്പിക്കണം. വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നതിനും പേര് നീക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും പക്ഷപാതപരമായ സമീപനം സ്വീകരിക്കാന്‍ അനുവദിക്കില്ല. ഇത്തരം പരാതികളുണ്ടായാൽ കര്‍ശന നടപടി സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കണം. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്ന് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂര്‍ത്തിയാക്കണം. അര്‍ഹരായ പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസിൽദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലമ്പുഴയില്‍ മോക് ഡ്രില്‍: ഒരുക്കിയത് റോപ്‍വേയില്‍ സന്ദര്‍ശകര്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും
ദുരന്ത സാഹചര്യത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. റോപ്‍വേയില്‍ സന്ദര്‍ശകര്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ചാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. അപകടം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആര്‍.എഫ്), പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍, ആരോഗ്യം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
രാവിലെ 11 മണിയോടെ റോപ് വേയുടെ ചലനം നിലച്ച് ടൂറിസ്റ്റുകളായ രണ്ടു പേര്‍ റോപ്‍വേയില്‍ കുടുങ്ങുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനവുമാണ് ഒരുക്കിയത്. അപകടം സംഭവിച്ച് ഉടന്‍ തന്നെ റോപ് വേ അധികൃതര്‍ പാലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അഗ്‌നിരക്ഷാസേന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ വിവരം അറിയിക്കുകയും ചെയ്തു. ഈ സമയത്ത് തന്നെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍നിന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ക്കും പൊലീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനക്ക് യുവാക്കളെ താഴെയിറക്കാനുള്ള പ്രവര്‍ത്തം ശ്രമകരമാവുന്ന സാഹചര്യത്തില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്‍.ഡി.ആര്‍.എഫിനെ ബന്ധപ്പെടുകയും തുടര്‍ന്ന് റോപ്‍വേയില്‍ കുടുങ്ങിയവരെ എന്‍.ഡി.ആര്‍.എഫ് രക്ഷപ്പെടുത്തുകയും ചെയ്യുന്ന രൂപത്തിലാണ് മോക്‍ഡ്രില്‍ അവതരിപ്പിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലാം ബറ്റാലിയന്‍ (ആര്‍ക്കോണം) സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സിവില്‍ സ്റ്റേഷനിലെ പഴയ പി.എസ്.സി ഓഫീസില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും സജ്ജീകരിച്ചിരുന്നു.
മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാംപയിൻ : ശില്പശാലകള്‍ സംഘടിപ്പിച്ചു
മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാംപയിന്റെ ഭാഗമായി ജില്ലാ – തദ്ദേശസ്ഥാപന തല ശില്പശാലകൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിച്ചു. ജില്ലാ കളക്ടർ ഡോ.എസ് ചിത്ര മുഖ്യാതിഥിയായ പരിപാടിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ ഉഷ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂർണ്ണത, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനും, മാർച്ച് 30 നകം പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുള്ള ഇടപെടലുകൾ അടിയന്തരമായി നടത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശില്പശാലകള്‍ സംഘടിപ്പിച്ചത്. സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ, ക്യാംപയിൻ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങൾ, സെക്രട്ടറിമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ, കില, ശുചിത്വ മിഷൻ, കെ.എസ്.ഡബ്ലിയു.എം.പി.,വിവിധ മിഷനുകളുടെ റിസോഴ്സ് പേഴ്സൺമാർ, എഞ്ചീനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് കോൺഫറന്‍സ് ഹാളിൽ നടന്ന ശില്പശാലയിൽ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ നവകേരള മിഷൻ കോ ഓർഡിനേറ്റർ, അസിസ്റ്റന്റ് ഡയറക്ടർ എല്‍.എസ്.ജി.ഡി., ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ, കെ.എസ്.ഡബ്ളിയു.എം.പി സോഷ്യൽ എക്സ്പർട്ട് , കില ജില്ലാ ഫാക്കൽറ്റി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.