പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാരായ ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിങ് നാളെ (മാര്‍ച്ച് 31) മുതല്‍ ആരംഭിക്കും. ജില്ലയില്‍ 14579 വോട്ടര്‍മാരാണ് ഹോം വോട്ടിങ്ങിന് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 11642 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2937 പേര്‍ ഭിന്നശേഷിക്കാരുമാണ്. ജില്ലയില്‍ 12 മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തുന്നതിനായി 219 ഉദ്യോഗസ്ഥ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘത്തില്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. പോളിങ് ബൂത്തുകളില്‍ നേരിട്ട് ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കാത്ത വ്യക്തികള്‍ക്കാണ് ഹോം വോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വോട്ടറുടെ സ്വകാര്യതയും വോട്ടിന്റെ രഹസ്യസ്വഭാവവും ഉറപ്പുവരുത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുക. വോട്ടെടുപ്പിനു ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ചെയ്ത് നിശ്ചിതകേന്ദ്രത്തിലെത്തിച്ച് സൂക്ഷിക്കും.