തിരുവില്ലാമല പഞ്ചായത്ത് ക്ഷേത്രം ബസ് സ്റ്റാൻഡിന് മുകളിൽ ഒന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം യു.ആർ പ്രദീപ് എം.എൽ എ നിർവ്വഹിച്ചു.ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ നിന്നും 21 ലക്ഷം രൂപ അനുവദിച്ചാണ് ബസ്സ് സ്റ്റാന്റിന് മുകളിൽ ഒന്നാം നില നിർമ്മിക്കുന്നത്. തിരുവില്ലാമല ക്ഷേത്രം ബസ്റ്റാന്റ് പ്രയോജനപ്പെടുത്തി അനുവദിച്ച കെ.എസ്.ആർ.ടി.സി-യുടെ സ്റ്റേ സെന്ററിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വിശ്രമിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുന്നതിനാണ് ക്ഷേത്രം ബസ് സ്റ്റാൻഡിനു മുകളിൽ ഒന്നാം നില നിർമ്മിക്കുന്നത്. പ്രവൃത്തി പൂർത്തീകരിച്ചാൽ ഒരു മിനി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സൗകര്യം ലഭിക്കുകയും, ഇതുമൂലം കൂടുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവ്വീസ് നടത്താനുമാകും. തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥിതിയായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . പ്രശാന്തി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ആർ സത്യൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ടി ജയന്തി, കെ.എസ് ആർ.ടി.സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സജിത സ്വാഗതവും, ശ്രീ ശിവൻ, തിരുവില്ല്വാമല പഞ്ചായത്ത് നന്ദിയും പറഞ്ഞു.