
ഒറ്റപ്പാലം: കേള്‍വി പരിമിതരായ സഹോദരങ്ങള്‍ റഫലും റിഫാനയും ഒരിന്ദ്രജാലം കണ്ട സന്തോഷത്തിലാണ്. ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ക്ക് ആശ്വാസമായി ഒരു മനോഹര വീട് സൃഷ്ടിച്ചു നല്‍കിയിരിക്കുകയാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍. ഇന്നലെ വരെ പൊട്ടിപ്പൊളിഞ്ഞ ഒരു വീട്ടില്‍ അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞവര്‍ക്ക് ഇനിമുതല്‍ ഈ മക്കള്‍ക്കൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാം. തിരുവനന്തപുരത്തെ ഡി.എ.സിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വരോട് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ അച്ഛന്‍ മുഹമ്മദ് റഷീദിനും അമ്മ റജീനയ്ക്കുമൊപ്പം ഇവര്‍ ഏറ്റുവാങ്ങി. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും ഒരു വീട് നിര്‍മിക്കുക എന്നത് ഈ കുടുംബത്തിന്റെ സ്വപ്‌നം മാത്രമായിരുന്നു. വരോട് സ്വദേശി അബ്ദുള്‍ ഖാദര്‍ സൗജന്യമായി നല്‍കിയ 5 സെന്റ് ഭൂമിയിലാണ് 622 ചതുരശ്രഅടിയില്‍ ഭിന്നശേഷി മാതൃകാ ഭവനം ഒരുക്കിയത്. വീടിന്റെ താക്കോല്‍ ചെറുകഥാകൃത്ത് വൈശാഖന്‍, ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഒറ്റപ്പാലം സ്മാര്‍ട്ട് അസോസിയേറ്റ്‌സ് എം.ഡി മനോജ് കാഞ്ഞിരത്തൊടി എന്നിവര്‍ ചേര്‍ന്ന് കൈമാറി. സ്വന്തം ഇഷ്ടത്തെ മാറ്റി നിര്‍ത്തി മറ്റുള്ളവരുടെ ആനന്ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥം കൈവരുന്നതെന്നും ഇത്തരത്തില്‍ ഒരു കുടുംബത്തിന് എക്കാലവും സന്തോഷിക്കുവാന്‍ കഴിയുന്ന സമ്മാനമാണ് ഗോപിനാഥ് മുതുകാട് നല്‍കിയിരിക്കുന്നതെന്ന് വൈശാഖന്‍ പറഞ്ഞു. വഴിപാടുകള്‍ പോലെ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഇക്കാലത്ത് ആത്മാര്‍ത്ഥമായി ഹൃദയം ചേര്‍ത്തുവച്ച് നിര്‍മിച്ച ഒരു മാതൃകാഭവനമാണ് ഡി.എ.സി നല്‍കിയിരിക്കുന്നതെന്ന് ലാല്‍ജോസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം എഞ്ചിനീയര്‍ ഗൗരി ശങ്കര്‍, വസ്തു നല്‍കിയ അബ്ദുള്‍ ഖാദര്‍ എന്നിവരെ പൊന്നാട അണിയിച്ചാദരിച്ചു. വാര്‍ഡ് മെമ്പര്‍ സബിത നന്ദി പറഞ്ഞു. ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പറം, വയനാട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.