കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷൻ ഒക്ടോബർ 16 രാവിലെ 10ന് ടാഗോർ തിയേറ്ററിൽ പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അംശദായ കുടിശിക നിവാരണം, ട്രേഡ് യൂണിയൻ പ്രതിനിധികൾക്കുള്ള സോഫ്റ്റ് വെയർ പരിശീലനം, ആനുകൂല്യവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ തൊഴിൽ നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്., ലേബർ കമ്മീഷണർ സഫ്ന നസുറുദ്ദീൻ, കെൽട്രോൺ മാനേജിങ് ഡയറക്ടർ ശ്രീകുമാർ നായർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.ഓട്ടോമേറ്റഡ് അലർട്ടും അറിയിപ്പുകളും നൽകുന്നതിനും ഡിജിലോക്കർ ഇന്റഗ്രേഷൻ ചെയ്ത് അതുവഴി തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, ബോർഡിൽ വരുന്ന മാറ്റങ്ങൾ സമയബന്ധിതമായി അറിയിക്കുന്നതിനും, പേയ്‌മെന്റുകൾ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതിനും കഴിയുന്ന രീതിയിലുള്ള മൊബൈൽ ആപ്ലിക്കേഷനാണ് വികിസിപ്പിച്ചെടുത്തിരിക്കുന്നത്. കൂടാതെ നിർമ്മിത ബുദ്ധിയിലൂടെ കെൽട്രോൺ സൃഷ്ടിച്ചെടുത്ത ചാറ്റ് ബോട്ടായ ‘കെല്ലി’ സോഫ്റ്റ്വെയർ ഈ മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തി ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയത്തക്ക രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. കെല്ലി ചാറ്റ് ബോട്ടിന് മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ പ്രതികരിക്കാനാകും. അംഗത്വം, പേയ്‌മെന്റുകൾ സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടി നൽകും. എ1 സാങ്കേതിക വിദ്യയുടെ സഹായത്തോടെ 3 സ്‌കീമുകളിൽ ഒരേ സമയം അപേക്ഷ സമർപ്പിക്കാനാകും.കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ അർഹതയുള്ള 28 ഗുണഭോക്താക്കൾക്ക് റിട്ടയർമെന്റ് ആനുകൂല്യമായി 7,49,930 രൂപയും, ചികിത്സാ ധനസഹായ ഇനത്തിൽ രണ്ട് ഗുണഭോക്താക്കൾക്ക് 50,000 രൂപയും, വിവാഹ ധനസഹായമായി 3 ഗുണഭോക്താക്കൾക്ക് 15,000 രൂപയും, മരണാനന്തര ധനസഹായമായി 5 പേർക്ക് 2,32,940 രൂപയും, ക്യാഷ് അവാർഡ്/ സ്‌കോളർഷിപ്പ് ഇനത്തിൽ 12 ഗുണഭോക്താക്കൾക്ക് 24,000 രൂപയും ചേർത്ത് ആകെ 50 ഗുണഭോക്താക്കൾക്ക് 10,71,870 രൂപയാണ് വിതരണം ചെയ്യുന്നത്.