ഒറ്റപ്പാലം:പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണു വെട്ടേറ്റത്. കേസിൽ പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി അറസ്റ്റിലായി. തിരുവോണ ദിവസം ഒൻപതോടെ മായന്നൂർ പാലം കവലയിലെ പൂക്കടയിലായിരുന്നു അക്രമ സംഭവം. ഓണത്തോടനുബന്ധിച്ചു സെയ്താലി നടത്തിയ താൽക്കാലിക പൂക്കച്ചവട കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു ഫെബിനെന്നു പൊലീസ് പറഞ്ഞു. കൂലിയെ ചൊല്ലിയുണ്ടായ തർക്കമാണു കയ്യാങ്കളിയിൽ കലാശിച്ചത്. ഇതിനിടെ സെയ്താലി സ്ഥാപനത്തിലെ കത്തി കൊണ്ട് ഫെബിനെ വെട്ടിയെന്നാണു കേസ്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ ഫെബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്താലിയെ സംഭവസ്ഥലത്തു നിന്നു പൊലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിനാണു കേസ്. ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലം സന്ദർശിച്ച തെളിവെടുപ്പ് നടത്തി. എന്നാൽ മറ്റു ചില സാമ്പത്തിക തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് സെയ്താലിയുടെ മകൻ പറഞ്ഞു.