palakkad express news

ലോകസൗഹൃദ ദിനം നാളെ : പത്തുലക്ഷം വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ

സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ. ലോക സൗഹൃദ ദിനമായ നാളെയും തുടർന്നുള്ള ദിവസങ്ങളിലുമാണ് തൈകൾ കൈമാറുന്നത്. ഹരിതകേരളം മിഷന്റെ ആഭിമഖ്യത്തിൽ ഒരുകോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ചങ്ങാതിക്കൊരു തൈ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.സൗഹൃദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ പത്തുലക്ഷത്തിലധികം വൃക്ഷത്തൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.ഒരു തൈ നടാം ക്യാമ്പയിനിൽ ഇതുവരെ 29 ലക്ഷത്തോളം തൈകൾ നട്ടുകഴിഞ്ഞു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ പത്ത് ലക്ഷം തൈകൾ കൂടി നടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്നത്. കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്താനും നെറ്റ് സീറോ കാർബൺ കേരളം, പരിസ്ഥിതി പുനസ്ഥാപനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ലോകസൗഹൃദ ദിനത്തിൽ ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *