പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൻ്റെ 2024-25 സാമ്പത്തിക വർഷത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം യു. ആർ പ്രദീപ് എംഎൽഎ നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്തിലെ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പാഞ്ഞാൾ, ജി.യു.പി എസ് കിള്ളിമംഗലം ജി.യു.പി എസ് പൈങ്കുളം, ജി.എൽ.പി എസ് തൊഴുപ്പാടം, എ.എൽ.പി എസ് കീഴില്ലം എന്നീ സ്കൂളുകളിലെ രണ്ട്, മൂന്ന് ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്. ഇതോടൊപ്പം സ്കൂളുകൾക്കുള്ള ഭരണഘടനാചുമരും നൽകുകയുണ്ടായി. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻ്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. കൃഷ്ണൻ കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.കെ. ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മല രവികുമാർ, വാർഡ് അംഗങ്ങളായ കെ.വി. സതീശൻ, കെ.കെ രാജശ്രീ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ എം.എൻ. ബർജിലാൽ, സ്റ്റാഫ് സെക്രട്ടറി ജി. പത്മാദേവി എന്നിവർ പങ്കെടുത്തു.