palakkad express news

തോൾ വേദന മറന്ന് ഉസ്മാൻ അപൂർവ്വ നേട്ടവുമായി പി കെ ദാസ് മെഡിക്കൽ കോളേജ്

പാലക്കാട്: ഉസ്മാന്‍ മനസ്സറിഞ്ഞ് ചിരിക്കുകയാണ്. 15 വര്‍ഷത്തിലധികമായി ജീവിതം ദുഃസ്സഹമാക്കിയിരുന്ന കടുത്ത തോള്‍ വേദന ഇന്നില്ല. 70 വയസ്സുകാരനായ ഉസ്മാന് പുതുജീവിതം പകരുകയായിരുന്നു അപൂര്‍വ ശസ്ത്രക്രിയയിലൂടെ വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജ്. പാലക്കാട് ജില്ലയില്‍ തന്നെ അപൂര്‍വമായ റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയാണ് ഉസ്മാന് നടത്തിയത്.ഇടതു തോളില്‍ അതിശക്തമായ വേദനയായിരുന്നു പ്രവാസിയായ ഉസ്മാന്. പിന്‍വശംവരെ വേദന വ്യാപിച്ച അവസ്ഥയില്‍ ഒട്ടേറെ ആശുപത്രികളില്‍ ധാരാളം ചികില്‍സകള്‍ നടത്തി. പക്ഷേ വേദന മാത്രം മാറിയില്ല. തുടര്‍ന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടേയും ഉപദേശപ്രകാരം വാണിയംകുളം പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിയത്. സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. അബ്ദുല്‍ റഷീമിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം പരിശോധിച്ചു. തോളിൻ്റെ തേയ്മാനം രുക്ഷമായതിനാല്‍ ശസ്ത്രക്രിയ കൂടാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ബോധ്യമായി. അപൂര്‍വമായ റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി പ്രശ്‌നം പരിഹരിച്ചതോടെ ഉസ്മാൻ്റെ മുഖത്ത് സന്തോഷം വിടര്‍ന്നു.കട്ടിലില്‍ നിന്ന് എണീക്കാനും ചെരിയാനും വരെ പരസഹായം വേണ്ടി വന്നിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു. അതികഠിനമായ വേദനയില്‍ വലഞ്ഞിരുന്ന സ്ഥിതിയില്‍ നിന്ന് പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രി സന്തോഷകരമായ ജീവിതം തന്നുവെന്ന് ഉസ്മാനും ഭാര്യ നബീസത്ത് മിസ്രിയയും പറഞ്ഞു. ഡോ. അബ്ദുല്‍ റഷീമിന് പുറമെ, ഓര്‍ത്തോപീഡിക് സര്‍ജന്‍മാരായ ഡോ. പ്രണവ്, ഡോ. സക്കറിയ എന്നിവരും ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്നു. തോള്‍ മാറ്റിവെക്കലിലെ സാധാരണ രീതിയില്‍ നിന്ന് ഭിന്നമായി റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റിയില്‍ രോഗിക്ക് വളരെ വേഗം സുഖം പ്രാപിക്കാനും കൈ സാധാരണ പോലെ മുകളിലേക്ക് ഉയര്‍ത്താനും കഴിയുമെന്ന് ഡോ. അബ്ദുല്‍ റഷീം പറഞ്ഞു. കൃത്യമായ ഫിസിയോ തെറാപ്പി കൂടി ഉണ്ടെങ്കില്‍ മൂന്നാഴ്ചക്കകം തന്നെ സാധാരണ ജീവിതം സാധ്യമാകുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *