palakkad express news

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27 ശതമാനം പോളിങ്

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടര്‍മാരില്‍ 81,007 ഉം 1,18,750 സ്ത്രീകളില്‍ 93,658 ഉം എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.വോട്ടെണ്ണല്‍ 23 ന് തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം 263 പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടിയങ് യന്ത്രങ്ങള്‍ ചുങ്കത്തറയില്‍ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാര്‍ത്തോമാ സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ പൂട്ടി സീല്‍ ചെയ്തു. കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ഇവിടെ കനത്ത ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോം 17 ന്റെ സൂക്ഷ്മ പരിശോധനയും കൗണ്ടിങ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, വരണാധികാരി അപൂര്‍വ ത്രിപാഠി, രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയായി.തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എ.ആര്‍.ഒമാരെയും കൗണ്ടിങിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *