തൃശ്ശൂർ : കളിചിരികളുടെ ആരവങ്ങളും പുത്തൻ പ്രതീക്ഷകളുമായി വിദ്യാലയമുറ്റത്ത് അക്ഷരമധുരം നുകരാൻ അവരെത്തി. മാതാപിതാക്കളെ വിട്ടുപിരിഞ്ഞ നോവും പരിഭവവും മാറ്റി കളിക്കോപ്പുകളുടെയും പുസ്തകങ്ങളുടെയും നിറക്കാഴ്ചകളിൽ ഒന്നുചേർന്ന് അവർ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ സ്കൂളുകളിൽ കാൽ ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. കുഞ്ഞുങ്ങളെ ചേർത്തു നിർത്താനൊരുങ്ങിയ വിദ്യാലയങ്ങളിലെല്ലാം ഇന്നലെ പ്രവേശനോത്സവം നടന്നു. ജില്ലാ തല പ്രവേശനോത്സവം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ അന്തരീക്ഷം ഉയർന്ന് വരികയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരള വിദ്യാഭ്യാസ രംഗത്തിന്റെ അലകും പിടിയും മാറിയ അനുഭവങ്ങൾ ഏത് വിദ്യാലയത്തിലെത്തിയാലും കാണാമെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടുപോയ ജനതയുടെ വികാരങ്ങളെ കൂടി പ്രതിഫലിപ്പിക്കാവുന്നതാകണം വിദ്യാഭ്യാസ രംഗമെന്നും മന്ത്രി പറഞ്ഞു. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ പാഠപുസ്തകത്തിനപ്പുറത്ത് വിദ്യാലയങ്ങളിൽ ചർച്ച ചെയ്യേണ്ട ചില പൊതുവിഷയങ്ങളെയും ശീലങ്ങളെയും കുറിച്ച് മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസം കേവലം പരീക്ഷയ്ക്ക് മാർക്ക് വാങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കേണ്ട അടിത്തറയല്ല. മറിച്ച്, നമ്മുടെ സമൂഹത്തിൽ വിവേകത്തോടെയും വിവരത്തോടെയും വിജ്ഞാനത്തോടെയും വിവേചനരഹിതമായും ഇടപെടാൻ കഴിയുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള അടിസ്ഥാനപരമായ ധാരണയാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി പുത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 15 കോടി രൂപ ചെലവിട്ടു നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ച് മന്ത്രി സംസാരിച്ചു. ഓണാവധിക്ക് ശേഷം പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വാതായനങ്ങൾ ലോകത്തിനായി തുറക്കുന്ന സമയത്ത് ജനപ്രതിനിധികളും പുത്തൂർ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും ചേർന്ന് വിദ്യാലയത്തിൽ നിന്ന് സുവോളജിക്കൽ പാർക്കിലേക്ക് വർണ്ണാഭമായ ഘോഷയാത്ര നടത്തുമെന്നും മന്ത്രി പറഞ്ഞു. മക്കളെ ആരാക്കണമെന്ന ചോദ്യം കമ്പോളം നമ്മുടെ മുന്നിൽ വന്നു ചോദിച്ചാൽ ശിരസ്സുയർത്തിപ്പിടിച്ച് മക്കളെ മനുഷ്യരാക്കണം എന്ന ഉത്തരം പറയുന്ന തരത്തിൽ മനുഷ്യരായ മക്കളോടൊപ്പം സ്വതന്ത്രമായി യാത്ര ചെയ്യാവുന്ന ഒരു കാലം മലയാളിക്ക് ഉണ്ടാവട്ടെയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം പുത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ച സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം തത്സമയം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പ്രവേശനോത്സവ ഗാനം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആലപിച്ചു. എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഇന്റർനാഷനൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ വിദ്യാർത്ഥി ത്രിലോക്നാഥിനെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ് നേടിയ ഹൈസ്കൂൾ ഗണിതശാസ്ത്ര അധ്യാപിക എ. എസ് സരിതയെയും ചടങ്ങിൽ അനുമോദിച്ചു. മാലിന്യമുക്ത നവകേരള പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ശുചിത്വ മിഷന്റെ ശുചിത്വ പോസ്റ്റർ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തെ വർണാഭമാക്കി. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് പ്രവേശനോത്സവ ചടങ്ങിന് അധ്യക്ഷത വഹിച്ചു . ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.എസ് എസ് കെ-ഡി പി സി ഡോ. എൻ. ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, ജി വി എച്ച് എസ് എസ് പുത്തൂരിലെയും ജി എൽ പി എസ് പുത്തൂരിലെയും അധ്യാപകർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.