palakkad express news

കാട്ടുപന്നി വേട്ട സംഘം വനം വകുപ്പിന്റെ പിടിയിൽ; റിട്ട. എസ്.ഐയും സൈനികന്റെ പിതാവും ഇറച്ചി വാങ്ങിയവരിൽ

രമണൻ

വടക്കാഞ്ചേരി: വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളെ വനം വകുപ്പ് പിടികൂടി. വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയ പരിശോധനകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ വലയിലാക്കിയത്. ഇറച്ചി വാങ്ങിയവരിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടറും കരസേന ഉദ്യോഗസ്ഥന്റെ പിതാവും ഉൾപ്പെടുന്നു.കഴിഞ്ഞ ഫെബ്രുവരി 18-ന് പഴയന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ പഴയന്നൂർ പോലീസ് പിടികൂടിയ പ്രതികളിൽ ഒരാളായ പെരുമാളിനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകൾ കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്.ആന്ധ്ര സ്വദേശിയും കണിയാർകോട് വില്ലേജിൽ കൂത്താമ്പിള്ളി കുപ്രംകുന്ന് വീട്ടിൽ താമസക്കാരനുമായ 39 വയസ്സുള്ള പെരുമാളിനെ കൂടാതെ കണിയാർകോട് വില്ലേജിൽ പാലക്കാട് പറമ്പിൽ വീട്ടിൽ 45 വയസ്സുള്ള പ്രകാശൻ, പങ്ങാരപ്പിള്ളി പാലപ്പറമ്പിൽ വീട്ടിൽ 38 വയസ്സുള്ള സിബി പി.എ, കണിയാർകോട് കയറമ്പാറ കടമാൻകോട്ടിൽ വീട്ടിൽ 36 വയസ്സുള്ള രമേഷ് കെ.ആർ, പഴയന്നൂർ ചാമക്കാലയിൽ വീട്ടിൽ 66 വയസ്സുള്ള രമണൻ, കൊണ്ടാഴി വട്ടപ്പറമ്പിൽ വീട്ടിൽ 69 വയസ്സുള്ള മാത്യു എന്നിവരാണ് പിടിയിലായത്. കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി പെരുമാളിന്റെ മരുമകൻ ശങ്കറിനായി അന്വേഷണം നടക്കുകയാണ്.കാട്ടുപന്നിയുടെ ഇറച്ചി വാങ്ങിയതിന് പിടിയിലായ രമണൻ ക്രൈം ബ്രാഞ്ചിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ച ആളാണ്. 8 കിലോ ഇറച്ചി വാങ്ങിയതിന് അയച്ചുകൊടുത്ത പണത്തിന്റെ രേഖകളും ഇറച്ചി കടത്താൻ ശ്രമിച്ച വാഹനവും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ മാത്യു കരസേനാ ഉദ്യോഗസ്ഥന്റെ പിതാവാണ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അശോക് രാജ്, മായന്നൂർ സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി. ജയപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.എൽ. സാജു, എ. സിജു, എ. മണികണ്ഠൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി. സുബൈർ, ആർ. ദിനേശൻ, പി. ഹരീഷ്, ടി.വി. പ്രവീൺ, കെ.വി. അമൃത, പി.ആർ. അവിനാഷ്, കെ. സുനിത, എം.ആർ. ജിതിൻരാജ്, FWSR മണി കൃഷ്ണൻകുട്ടി, എസ്. നിക്സൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

മാത്യു

Leave a Comment

Your email address will not be published. Required fields are marked *