
തിരുവില്ലാമല: വില്വമലയില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപം നടക്കുന്ന ഗായത്രീ മഹായജ്ഞത്തിന് ഉജ്വല തുടക്കം. ശ്രീ വ്യാസ തപോധ്യാന്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ ശാലയിലാണ് യജ്ഞം നടക്കുന്നത്. ആശ്രമ മഠാധിപതി സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജാണ് യജ്ഞാചാര്യന്‍. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് മുഖ്യകാര്‍മികത്വം വഹിക്കുന്നു. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് നേതൃത്വം നല്‍കുന്നു.ആദ്യ ദിവസമായ ഞായറാഴ്ച്ച പുലര്‍ച്ചെ 4.30 ന് ഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. വേദസൂക്തങ്ങള്‍, മൂലമന്ത്രങ്ങള്‍ എന്നിവ ജപിച്ച് 6 മണിക്ക് ഗായത്രീ മഹായജ്ഞത്തിന് ശുഭാരംഭമായി. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് അനുഗ്രഹിച്ചതോടെ സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് യജ്ഞത്തിന് നേതൃത്വം വഹിച്ചുതുടങ്ങി.സ്വാമി സഹദേവാനന്ദ സരസ്വതിക്ക് സംന്യാസ ദീക്ഷ നല്‍കിയ ശേഷമാണ് ഉദ്ഘാടന സഭ ആരംഭിച്ചത്. വില്വാദ്രിനാഥ ക്ഷേത്രം മാനേജര്‍ വിജയകുമാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നാരായണീയ ആചാര്യന്‍ അമ്പാടി സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരതീയ നാരായണീയ മഹോത്സവ സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി എ.സി. ചെന്താമരാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ചേലക്കര മാരിയമ്മന്‍ ക്ഷേത്ര ഭാരവാഹി വേണു, പഞ്ചവാദ്യ കലാകാരന്‍ അപ്പുക്കുട്ടന്‍ തിരുവില്വാമല എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സംന്യാസിമാര്‍ക്കും ആചാര്യന്‍മാര്‍ക്കുമായി ആചാര്യവരണം നടത്തി. ഉച്ചയ്ക്ക് ഒന്നാം ഹോമകുണ്ഡത്തില്‍ വസോര്‍ധാര, എല്ലാ കുണ്ഡങ്ങളിലും മഹാപൂര്‍ണാഹുതി എന്നിവ നടന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതിയും ശിഷ്യഗണങ്ങളും നേതൃത്വം വഹിച്ചു.24 അക്ഷരങ്ങള്‍ ഉള്ളതായ ഗായത്രിക്ക് അഞ്ച് മുഖങ്ങള്‍ ഉള്ളതിനാല്‍ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളുടെ പ്രതീകമായി അഞ്ച് കലശങ്ങളാണ് യജ്ഞശാലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് വളരെ സവിശേഷമാണ്. ഫെബ്രുവരി 9 വരെ യജ്ഞം നീണ്ടുനില്‍ക്കും.