palakkad express news

ഭരണത്തിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ: മന്ത്രി കെ. രാജൻ

തൃശ്ശൂര്‍:സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക്  പ്രാപ്യമാക്കുകയും  ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടൽ പുറമ്പോക്കിലെ കടലിൻ്റെ ഉയർന്ന തിരമാലയിൽ നിന്നും 3.017 മീറ്ററിന് അകത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കാൻ നിയമ തടസ്സമുണ്ട്. എന്നാൽ അതിനു പുറത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ 30 വർഷമായി പട്ടയം കൊടുക്കാൻ പറ്റാത്ത 1902 നഗറുകളിലെ ഇരുപത്തിയെട്ടായിരത്തിലധികം ആളുകളെ 2025 ൽത്തന്നെ ഭൂമിയുടെ ഉടമകളാക്കാൻ കഴിയുന്നവിധത്തലുള്ള ചട്ടഭേദഗതിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സഹായിക്കലാണ് സർക്കാർ ലക്ഷ്യം. അതിന് നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുതെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സാങ്കേതികതകൾക്കപ്പുറത്ത് മനുഷ്യരെ മനുഷ്യരായി കാണാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂർ നഗരസഭാ ടൗൺഹാളിൽ നടത്തിയ കൊടുങ്ങല്ലൂർ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഉദ്ഘാടന വേദിയിൽ  11 റേഷൻ കാർഡുകളും 10 പട്ടയങ്ങളും മന്ത്രിമാരും എം.എൽ.എമാരും ചേർന്ന് വിതരണം ചെയ്തു.  വി.ആർ സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ, കൊടുങ്ങല്ലൂർ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ ഗീത, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാൻ്റി,
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരായ സീനത്ത് ബഷീർ, എം.എസ് മോഹനൻ, നിഷ അജിതൻ, ഡെയ്സി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്ത് തുണയായി; എൺപത്തിനാലാം വയസിൽ പദ്മാവതിയമ്മയ്ക്ക് ഭൂമി

പതിറ്റാണ്ടുകളായി  പട്ടയത്തിനപേക്ഷിച്ചു കാത്തിരിക്കുന്ന 84 വയസ്സുകാരി പത്മാവതി അമ്മയ്ക്കും കുടുംബത്തിനും കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ആശ്വാസം.

കൊടുങ്ങല്ലൂർ താലൂക്കിലെ ലോകമല്ലേശ്വരം കുണ്ടൂർ വീട്ടിൽ പരേതയായ അമ്മിണി അമ്മയുടെ സഹോദരി പദ്മാവതി അമ്മ, അമ്മിണി അമ്മയുടെ മക്കളായ രാജീവൻ, അംബികാദേവി ഗീതാദേവി, മായാദേവി,  എന്നിവർക്കാണ് ഡിസംബർ 31 നുള്ളിൽ പട്ടയം നൽകാൻ റവന്യു മന്ത്രി കെ. രാജൻ നിർദേശം നൽകിയത്. പദ്മാവതി അമ്മയും സഹോദരിയുടെ മക്കളും അവിവാഹിതരാണ്. അവിവാഹിതർക്കുള്ള പെൻഷനാണ് ഇവരുടെ ഇപ്പോഴത്തെ ഏക വരുമാനം.

ലോകമല്ലേശ്വരം വില്ലേജിലെ സർവ്വേ നമ്പർ 428/ 02 ൽ പ്പെട്ട 2 സെൻ്റ് ഭൂമി പാട്ട കുടിശിക എഴുതിത്തള്ളി കമ്പോള വില ഈടാക്കാതെ പതിച്ചു നൽകുന്നതിന് 2008ൽ തീരുമാനമായിരുന്നു. പക്ഷേ, പലവിധ കാരണങ്ങളാൽ ഇവർക്ക് പട്ടയം ലഭിച്ചില്ലെന്ന് പരാതിക്കാർ റവന്യൂ മന്ത്രിയെ അറിയിച്ചു. പരാതി കേട്ട മന്ത്രി ഡിസംബർ 31 നുള്ളിൽ ഇവരുടെ പരാതി പരിഹരിച്ച് സ്ഥലത്തിനു പട്ടയം നൽകണമെന്ന് കൊടുങ്ങല്ലൂർ തഹസിൽദാരോട്  നിർദ്ദേശിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *