വണ്ടൂർ: നിർദ്ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയിലേക്ക് തുവ്വൂരിൽ നിന്ന് പ്രവേശനം നൽകണമെന്ന് നിതിൻ ഗഡ്കരിക്ക് അയച്ച കത്തിൽ ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലവിലെ ഹൈവേയിലേക്ക് തുവ്വൂർ നിന്ന് പ്രവേശനമില്ല. ഇത് തുവ്വൂർ റെയിൽവേ സ്റേഷനിലെത്തുന്നവർ ഉൾപ്പടെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് പ്രിയങ്ക കത്തിൽ പറഞ്ഞു. വണ്ടൂർ എം.എൽ.എ. എ.പി. അനിൽകുമാർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പ് കൂടി ഉൾക്കൊള്ളിച്ചാണ് പ്രിയങ്ക ഗാന്ധി ഗഡ്കരിക്ക് കത്തയച്ചത്. നിർദ്ദിഷ്ട ഹൈവേ ഷൊർണൂർ നിലമ്പൂർ റെയിൽപാതയിലെ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാത്രം ദൂരത്തിലാണ്. തുവൂരിൽ ഹൈവേയിലേക്ക് പ്രവേശനം നൽകുന്നത് ജനങ്ങളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രദേശത്തിന്റെ വികസനത്തിന് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും എ.പി. അനിൽകുമാർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.