palakkad express news

നഗരസഭയുടെ ദാഹമകറ്റിയത് ബി.ജെ.പി അധികാരത്തിൽ വന്നശേഷം ; വികസനത്തിന് വോട്ടു തേടി കൃഷ്ണ കുമാർ*

പാലക്കാട്: പാലക്കാട് നഗരസഭക്ക് ദാഹജലം എത്തിച്ചത് കേന്ദ്ര സർക്കാരെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.എൻ.ഡി.എ റോഡ് ഷോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്. എന്നാൽ സമീപ പഞ്ചായത്തുകളിലെല്ലാം ഇപ്പോഴും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കണം. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ വികസന രൂപരേഖ ചർച്ച ചെയ്യാൻ പോലും കോൺഗ്രസ്സ് എം.എൽ. എ തയ്യാറായില്ല. ആ വികസന രൂപരേഖ യാഥാർത്ഥ്യമായിരുന്നെങ്കിൽ വികസന സൂചികയിൽ പാലക്കാട് ഒന്നാമത് എത്തുമായിരുന്നെന്നും സ്ഥാനാർത്ഥി പറഞ്ഞു.ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി, ഡിഫൻസ് പാർക്ക്, ഐ ഐ ടി തുടങ്ങിയ പദ്ധതികളെല്ലാം എൻ ഡി.എ സർക്കാരിൻ്റെ കാലത്താണ് പാലക്കാടിന് കിട്ടിയത്. ദേശീയ പാത വികസനത്തിൻ്റെ ഗുണഫലവും പാലക്കാടിന് ലഭിച്ചു. മണ്ഡലത്തിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ വരണമെങ്കിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധികൾ സംസ്ഥാന നിയമ സഭയിലും എത്തണമെന്ന് സി. കൃഷ്ണ കുമാർ പറഞ്ഞു. പിരായിരി പഞ്ചായത്തിലെ ചേങ്ങോട് നിന്നാണ് റോഡ് ഷോ തുടങ്ങിയത്.തുടർന്ന് കല്ലേക്കാട് മില്ല്, തരുവക്കോട്, കല്ലേക്കാട് സ്കൂൾ, തെക്കുമുറി, മഴവിൽ ഗാർഡൻ, വാരാമ്പള്ളം, കാടൂർ, ചാമക്കാട്,മലമ്പാറ, പാളയം , നെല്ലിപറമ്പ് വഴി മണിക്കുറ്റിക്കളം, കുട്ടി ശാലക്കളം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വാരിയൻ പറമ്പിൽ സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ സ്വീകരണ യോഗം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ അനുരാഗ് ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ടി രമ, ബി.ജെ.പി.ദേശീയ സമിതി അംഗം എൻ ശിവരാജൻ , ബി.ഡി.ജെ.എസ്. ജില്ലാ അധ്യക്ഷൻ അഡ്വ. കെ രഘു തുടങ്ങിയ നേതാക്കൾ സംസാരിച്ചു. റോഡ് ഷോ ക്ക് വലിയ ജനപങ്കാളിത്തമാണ് സ്വീകരണ യോഗങ്ങളിൽ ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *