palakkad express news

ബി ജെ പിക്ക് എം പിയെ ഉണ്ടാക്കാന്‍ തൃശൂര്‍പൂരം കലക്കിയ സി പി എമ്മിനുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും: കെ മുരളീധരന്‍

മാനന്തവാടി. ഇന്ത്യയില്‍ സി പി എം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ നിന്നും ബി ജെ പിക്ക് എം പിയെ ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി തൃശൂര്‍പൂരം കലക്കിയ സി പി എമ്മിനുളള മറുപടി ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ നല്‍കുമെന്ന് കെ മുരളീധരന്‍. ബി ജെ പിയും സി പി എമ്മും നടത്തുന്ന അന്തര്‍ധാര നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ സംഘടിപ്പിച്ച യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പിക്ക് വേണ്ടി തൃശൂര്‍പൂരം കലക്കിയതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയേണ്ടതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തേണ്ടത് സി പി എമ്മിന്റെയും സര്‍ക്കാറിന്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിയമവാഴ്ചയും ആരോഗ്യ വിദ്യാഭ്യാസ മേഖലയും പൂര്‍ണമായും പരാജയപ്പെട്ടിരിക്കയാണ്. ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ മൂലം പോലീസ് നോക്കിനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. കേരളത്തില്‍ എല്‍ ഡി എഫ് ഭരണമല്ല നടക്കുന്നതെന്നും എല്ലാ അധോലോക വിഭാഗങ്ങളേയും സഹായിക്കുന്ന പിണറായി ഭരണമാണുള്ളത്. ഇന്ത്യയില്‍ വര്‍ഗീയതക്ക് എതിരെ പോരാടാനും, വര്‍ഗീയതയുടെ ഉഗ്ര വിഷം തുപ്പുന്ന ബി ജെ പിക്കെതിരെ പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസാണ് നേതൃത്വം നല്‍കുന്നതെന്നും സി പി എം കേരളത്തില്‍ പോലും ബി ജെ പിയെ പരസ്യമായി സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിജോ ജോസ് അധ്യക്ഷനായിരുന്നു. എന്‍ ഡി അപ്പച്ചന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി കെ ജയലക്ഷ്മി, ചാപ്പേരി മൊയ്തു ഹാജി, എടയ്ക്കല്‍ മോഹനന്‍, സുനില്‍ മാടപ്പള്ളി, അസീസ് കോറോം, കടവത്ത് മുഹമ്മദ്, പടയന്‍ മുഹമ്മദ്, അഡ്വ: എന്‍ കെ വര്‍ഗീസ്, സി കെ രത്‌നവല്ലി, പി ചന്ദ്രന്‍, അഡ്വ എം വേണുഗോപാല്‍, എ എം നിഷാന്ത്, അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍, പി വി എസ് മൂസ, ജോസ് തലച്ചിറ, പി എം ബെന്നി, പി വി ജോര്‍ജ്, പി കെ അമീന്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, മമ്മൂട്ടി പുളിഞ്ഞാല്‍, ജേക്കബ് സെബാസ്റ്റ്യന്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *