
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തെരുവുകൾ തോറും കയറി വോട്ടഭ്യർഥിച്ച് യുവപട. യു.ഡി.വൈ.എഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുഴുവൻ പഞ്ചായത്ത് തലങ്ങളിലും ‘യൂത്ത് ഫോർ പ്രിയങ്ക’ കാംപയിൻ നടക്കുന്നത്. യു.ഡി.വൈ.എഫ് പ്രവർത്തകർ ടീഷർട്ടും തൊപ്പിയുമണിഞ്ഞ് ഓരോ തെരുവിലുമെത്തി ആളുകളോട് സംവദിക്കുകയും ലഘുലേഖ കൈമാറുകയും പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിക്കുകയും ചെയ്യുന്നതാണ് കാംപയിൻ. ക്യാമ്പയിനിന്റെ വയനാട് പാർലമെൻ്റ് മണ്ഡലം തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നോർത്ത് കാരശേരിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. സമൂഹത്തിലെ എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാണ് പ്രിയങ്ക ഗാന്ധിയെന്നും രാജ്യത്തിൻ്റെ മതേതരത്വം തിരിച്ചുപിടിക്കാൻ പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.വൈ.എഫ് ലോക്സഭാ മണ്ഡലം ചെയർമാൻ ടി.പി അഷ്റഫലി അധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ. കെ.പി സുഫിയാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിബിന, ജില്ല പ്രസിഡൻ്റുമാരായ ആർ. ഷഹിൻ (കോഴിക്കോട്), ഹാരിസ് മുതൂർ (മലപ്പുറം), യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ടി സൈദ് ഫസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷിമിൽ അരീക്കോട്, ജെസ്മിന, അഭിന കുന്നോത്ത്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശേരി, യൂത്ത് കോൺഗ്രസ് കാരശേരി മണ്ഡലം പ്രസിഡൻ്റ് ഷാനിബ് പങ്കെടുത്തു.