ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്തും ജൈവപരിപാലന സമിതിയും ചേര്‍ന്ന് വിത്ത് യാത്രകള്‍ക്ക് തുടക്കം കുറിക്കുന്നു. അകത്തേത്തറ ദേശത്തെ തനത് മരങ്ങളെ ഉള്‍ക്കൊള്ളിച്ച് പരിസ്ഥിതി സംരക്ഷണവും ജൈവ പരിപാലനവും ഉറപ്പാക്കുന്നതിനുള്ള യാത്രകളാണിത്. പഞ്ചായത്ത് പ്രസിഡന്റ് സുനിതാ അനന്ദകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മോഹനന്, പഞ്ചായത്ത് അംഗം മഞ്ജു മുരളി, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ.ലിജോ പനങ്ങാടന്‍, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ അണിചേര്‍ന്നു.
നഷ്ടപ്പെട്ട കരിമ്പന സംസ്കാരം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശലക്ഷ്യവും വിത്ത് യാത്രയ്ക്കുണ്ട്. ദേശത്തെ നാടന്‍ ഇനങ്ങളിലെ മാവ്, പനമ്പഴം, പ്ലാവ്, ഞാവല്‍, നെല്ലി, കശുമാവ് തുടങ്ങിയ വിത്തിനങ്ങള്‍ ശേഖരിച്ച് ഇല്ലാത്ത മേഖലയില്‍ വെച്ചുണ്ടാക്കുക എന്നതാണ് വിത്ത് യാത്രയുടെ ലക്ഷ്യം. ഈ പരിപാടിയില്‍ തൊഴിലുറപ്പ് പദ്ധതി, സഹ്യാദ്രി നേച്ചര്‍ ഓര്ഗനൈസേഷന് പാലക്കാട്, ഫോര്‍ട്ട് പെഡലേഴ്സ് പാലക്കാട്, നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി പാലക്കാട്, എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജിലെ എന്‍.എസ്.എസ് യൂണിറ്റ്, കേരള വന്യജീവി വകുപ്പ് എന്നിവര്‍ പങ്കാളികളാകുന്നു.