*മുള്ളൂർക്കര അസുരൻകുണ്ട് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് 5-ന് രാവിലെ 10:00 മണിക്ക് ശേഷം തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. ഡാമിലെ ജലനിരപ്പ് 8.80 മീറ്ററായി ക്രമീകരിച്ച്, അധികജലം ഘട്ടംഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടാനാണ് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകിയിട്ടുള്ളത്. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതോടെ മുള്ളൂർക്കര, ചേലക്കര, പാഞ്ഞാൾ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പുതുപ്പാലം തോട്, കൂളിത്തോട് എന്നിവടങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ ഉള്ളവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം.സുരക്ഷ മുൻനിർത്തി പുഴകളിലും തോടുകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മീൻപിടിക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജലാശയങ്ങൾക്ക് സമീപം നിന്ന് ഫോട്ടോയോ സെൽഫിയോ എടുക്കുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ തലപ്പിള്ളി താലൂക്ക് തഹസിൽദാർക്കും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർക്കും കളക്ടർ നിർദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ പോലീസും ഫയർഫോഴ്‌സും സജ്ജമായിരിക്കാനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പുകൾ നൽകാനും നിർദേശം ഉണ്ട്.
