പാലക്കാട് താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വി.കെ ശ്രീകണ്ഠന്റെ എം.പിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറമ്പില്‍ അധ്യക്ഷനായി. കല്‍പ്പാത്തി ഹോമിയോ ആശുപത്രി മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കകത്ത് അനുയോജ്യമായ കെട്ടിടം അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സമിതി തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും, സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ ബസുകള്‍ നിര്‍ത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി കബീര്‍ വെണ്ണക്കര ഉന്നയിച്ചു. കണ്ണാടി പഞ്ചായത്തിലെ കിണാശ്ശേരി ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരമായി സീബ്രലൈന്‍ സ്ഥാപിക്കണമെന്ന് വി.കെ ശ്രീകണ്ഠന്റെ പ്രതിനിധി ആവശ്യപ്പെട്ടു.സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ്, പോലീസ് വകുപ്പുകളോട് കേരള കോണ്‍ഗ്രസ് പ്രതിനിധി ശിവരാജേഷ് ആവശ്യപ്പെട്ടു. മേപ്പറമ്പ് നൂറിണി ജംഗ്ഷനിലെ അപകടസാധ്യത ഒഴിവാക്കാന്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രതിനിധി സൈതലവി അഭിപ്രായപ്പെട്ടു. കൂടാതെ, നെല്‍കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സംഭരണത്തുക നല്‍കാത്ത വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.പാലക്കാട് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍സണ്‍, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം രാധാകൃഷ്ണന്‍, ഹരിപ്രസാദ്, കൃഷ്ണകുമാര്‍, വി. ആര്‍ രാജേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.