തൃശൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പ് 2026 ജൂൺ 03, 04, 05 തീയതികളിൽ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ അടിയന്തര മുന്നൊരുക്കങ്ങളും ജാഗ്രതാ നടപടികളും ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായി ജില്ലാ കളക്ടർ അറിയിച്ചു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച മൺസൂൺ ദുരന്ത പ്രതികരണ മാർഗ്ഗരേഖ (Orange Book 2025) അനുസരിച്ച് എല്ലാ വകുപ്പുകൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും ജാഗ്രതാ നടപടികൾ ശക്തമാക്കുന്നതിനുമായി നിർദ്ദേശം നൽകിയിട്ടുണ്ട്.അതിശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, നഗര-താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്, നദീതീരങ്ങളിലും തീരദേശ മേഖലയിലും അപകടസാധ്യതകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.