palakkad express news

മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു

പാലക്കാട്; ജില്ലയിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ നടന്ന പാലക്കാട്‌ താലൂക്ക്തല പരിശോധനയുടെ രണ്ടാം ദിവസം, 120 വാഹനങ്ങൾ പരിശോധിക്കുകയും കൃതൃത ഉറപ്പുവരുത്തിയ 102 വാഹനങ്ങൾക്ക് സുരക്ഷാ സ്‌റ്റിക്കർ പതിക്കുകയും ചെയ്തു. മെയ്‌ 20 മുതൽ നടക്കുന്ന പരിശോധനയുടെ ആദ്യ ദിവസം 72 വാഹനങ്ങൾക്കാണ് സുരക്ഷാ സ്‌റ്റിക്കർ പതിച്ചു നൽകിയത്. വാഹനങ്ങളുടെ യാന്ത്രിക ക്ഷമത, ജി.പി.എസ്, വിദ്യാവാഹൻ സംവിധാനങ്ങൾ, മോട്ടോർ വാഹന വകുപ്പിന്റെ വിവര സംവിധാനങ്ങൾ ലഭ്യമാകുന്ന ലീഡ്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നത്. തകരാർ കണ്ടെത്തിയ വാഹനങ്ങളിൽ ബ്ലൈൻഡ് സ്പോട് മിറർ, ജിപിഎസ് തുടങ്ങിയ സംവിധാനങ്ങളിലെ തകരാറുകൾ മൂലമാണ് തിരിച്ചയച്ചത്. പരിശോധനയ്ക്ക് ഹാജരായ വാഹനങ്ങളുടെ ജീവനക്കാർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ രാജേഷ് റോഡ് സുരക്ഷാ ബോധവത്ക്കരണവും നൽകി. തകരാറുകൾ പരിഹരിച്ച് വാഹനങ്ങൾ വീണ്ടും ഹാജരാക്കിയാൽ സുരക്ഷാ സ്‌റ്റിക്കർ നൽകുമെന്നും, പരിശോധനയ്ക്ക് ഹാജരായി മുഴുവൻ സ്കൂൾ വാഹനങ്ങളും സുരക്ഷാ സ്റ്റിക്കർ പതിക്കണമെന്നും ആർ.ടി.ഒ സി.യു മുജീബ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *