
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തരമായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഓൺലൈനായി പങ്കെടുത്തതിനു ശേഷം തൃശൂർ കളക്‌ടറേറ്റിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ അടിയന്തര സഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ സർക്കാർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പ്രത്യേക സഹായമായി രണ്ട് ലക്ഷം രൂപയും നൽകും. പരിക്കേറ്റവരെ ആറുമാസ കാലത്തേക്ക് സർക്കാർ – സ്വകാര്യ ആശുപത്രിയിൽ ചികിത്സ ചെയ്യേണ്ടി വരുന്നതിന്റെ പൂർണ്ണമായ ചിലവും കേരള സർക്കാർ ഏറ്റെടുക്കും. ആവശ്യമായ സംഖ്യ ജില്ലാ കളക്ടർക്ക് ദുരന്ത പ്രതികരണനിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാനുള്ള തീരുമാനം എടുത്തതായി മന്ത്രി കെ രാജൻ പറഞ്ഞു. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവരികയാണെങ്കിൽ പൂർണ്ണമായ ചിലവും സി.എം. ഡി.ആർ.എഫ്- ൽ നിന്നും നൽകും. തിരച്ചിലും ചികിത്സയും നടപ്പിലാക്കുന്നതിന് വേണ്ടി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവസ്ഥിതിയിൽ ആക്കുന്നതിന് വേണ്ടി ചിലവാകുന്ന തുക ജില്ലാ കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ തോത് കണക്കാക്കി അടിയന്തരമായി കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. അതിനും ആവശ്യമായ നഷ്ടപരിഹാരം നൽകും.
