കഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിന് കാവശ്ശേരി പൂരത്തിന്റെ സംഘാടക ദേശങ്ങളിലൊന്നായ കഴനി ദേശവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാവശ്ശേരി പൂരത്തിനായി മന്ദത്തിൽ നിന്നും ദേശക്കുതിര പുറപ്പെടുന്നതിനു മുൻപുള്ള വഴിപാടുകൾ ഈ ക്ഷേത്രത്തിലാണ് നടന്നുവരുന്നത്. കൂടാതെ കഴനി ദേശത്തിൻ്റെ ഈട് വെടിക്കെട്ടും സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള വയലിലുമാണ്. മാർച്ച് 13 മുതൽ 23 വരെയായിരുന്നു കാവശ്ശേരി കഴനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരണകലശ മഹാകുംഭാഭിഷേക ചടങ്ങുകൾ. ക്ഷേത്ര കുംഭാഭിഷേക കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടനവധി വിശേഷാൽ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടത്തി.വിവിധ ദിനങ്ങളിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം 20 21 22 23 തീയതികളിലായി ജീവകലശം ശ്രീ കോവിലിലേക്ക് എഴുന്നള്ളിക്കൽ, പ്രതിഷ്ഠാബലി , പരിവാര പ്രതിഷ്ഠ, ഉപദേവന്മാർക്ക് കലശാഭിഷേകങ്ങൾ, ജലദ്രോണിഅഗ്നി ജനനം, വിവിധ കലശപൂജകൾ, പരികലശാഭിഷേകം എന്നീ ചടങ്ങുകൾ നടന്നു. ബ്രഹ്മകലശാഭിഷേകത്തോടുകൂടിയാണ് കാവശ്ശേരി കഴനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരണ കലശ മഹാകുംഭാഭിഷേക ചടങ്ങുകൾക്ക് സമാപനമായത്. ക്ഷേത്രാങ്കണത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.