palakkad express news

പാലില്‍ വിരിഞ്ഞ വിജയഗാഥ: സംരംഭകത്വത്തില്‍ മാതൃകയായി ശ്രീദേവി

വെറുമൊരു പാല്‍ വില്‍പനക്കാരില്‍ നിന്ന് പ്രതിമാസം 70,000 രൂപ വരുമാനം നേടുന്ന കരുത്തുറ്റ സംരംഭകയിലേക്കുള്ള ശ്രീദേവിയുടെ യാത്ര ഏതൊരു സാധാരണക്കാരനും പ്രചോദനമാണ്. നാല് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ പാല്‍ വിപണനം, ഇന്ന് ‘അക്ഷയ മില്‍ക്ക് പ്രൊഡക്റ്റ്സ്’ എന്ന ജനപ്രിയ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ സൂര്യകാന്തി കുടുംബശ്രീ അംഗമായ ശ്രീദേവിയെ വാവ്വന്നൂരിലെ സംരംഭക സംഗമത്തില്‍ മന്ത്രി എം ബി രാജേഷ് ആദരിച്ചു. ബ്ലോക്കിലെ ഒമ്പത് സംരംഭകരെയാണ് മന്ത്രി ആദരിച്ചത്.പാലിലെ മായത്തെക്കുറിച്ച് ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്ന കാലത്ത്, കെമിക്കല്‍ രഹിതമായ ശുദ്ധമായ ഉല്പന്നങ്ങള്‍ നല്‍കുന്നു എന്നതാണ് ശ്രീദേവിയുടെ വിജയരഹസ്യം. തൈര്, വെണ്ണ, നെയ്യ്, സംഭാരം എന്നിങ്ങനെ ഒമ്പതോളം വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളാണ് അക്ഷയയിലൂടെ വിപണിയിലെത്തുന്നത്. സ്വന്തമായുള്ള പത്ത് പശുക്കള്‍ക്ക് പുറമെ, സമീപത്തെ ക്ഷീരകര്‍ഷകരില്‍ നിന്നും സൊസൈറ്റികളില്‍ നിന്നും പാല്‍ ശേഖരിച്ചാണ് സംരംഭം മുന്നോട്ട് പോകുന്നത്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി ) നല്‍കിയ പിന്തുണ ഈ സംരംഭത്തെ കൂടുതല്‍ ജനകീയമാക്കി.തൃത്താല ബ്ലോക്കിലെയും പരിസര പ്രദേശങ്ങളിലെയും ആഘോഷങ്ങളില്‍ ഇന്ന് ശ്രീദേവിയുടെ ഉല്പന്നങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഈ കഠിനാധ്വാനത്തിന് ഐ.എം.കെ യുടെ (ഇന്ത്യന്‍ ഇന്റസ്ട്രിയല്‍ മാനേജ്‌മെന്റ് കോഴക്കോട്) അംഗീകാരം ലഭിച്ചത് തന്റെ ബ്രാന്‍ഡിന്റെ ഗുണനിലവാരത്തിനുള്ള തെളിവായി ശ്രീദേവി കാണുന്നു. ഭര്‍ത്താവ് പ്രജീഷിന്റെയും മക്കളുടെയും പൂര്‍ണ്ണ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. നിലവില്‍ പ്രാദേശിക വിപണിയില്‍ തിളങ്ങി നില്‍ക്കുന്ന ഈ ഉല്പന്നങ്ങളെ വിദേശ വിപണികളിലേക്ക് കൂടി എത്തിക്കുക എന്ന വലിയ സ്വപ്നവുമായാണ് ഈ കുടുംബം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *