
ഒറ്റപ്പാലം: തീവ്ര വോട്ടർ പട്ടിക പരിശോധനയുടെ ചുവടുപിടിച്ച് രാജ്യത്തെ പൗരന്മാരെ കടന്നുകയറ്റക്കാരായി മുദ്രകുത്തുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആറിലൂടെ നടപ്പിലാക്കുന്നതെന്നും ഇത് നീതീകരിക്കാവുന്നതല്ലെന്നും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ആരോപിച്ചു. രാജ്യത്തുടനീളം ഒരു പ്രത്യേക സമുദായത്തെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ വിവിധ ഇടങ്ങളിലായി ഫോം 7 ദുരുപയോഗം ചെയ്ത് ന്യൂനപക്ഷ വിഭാഗത്തെ കൂട്ടമായി കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങൾ ഇതിനോടകം പുറത്തുവന്നത് എസ്.ഐ. ആറിൻ്റെ പിന്നിലുള്ള ദുരുഹതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എസ്. ഐ.ആറിനെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ-മതേതര വിശ്വാസികളെല്ലാവരും ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും അഷറഫ് അലി പറഞ്ഞു. ഒറ്റപ്പാലത്ത് ഐ.എൻ.എൽ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ സ്വീകരണ സമ്മേളനങ്ങൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അസീസ് പരുത്തിപ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി.വി, ട്രഷറർ വി.ടി. ഉമ്മർ, അബ്ദു മാസ്റ്റർ അച്ചിപ്ര,ഫൈസൽ തങ്ങൾ, മുസ്തഫ പുതുനഗരം, കെ.വി അമീർ, സി.ഐ അബ്ദു റഹിം, ബഷീർ പുളിക്കൽ, മൊയ്തീൻ ടി, ഉമ്മർ ഓങ്ങല്ലൂർ, നൗഫൽ സി.പി, അലി അൽയാസ്, ഉസ്മാൻ വി.ടി, കാജാ നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു