palakkad express news

കേരള യാത്രയുടെ ജില്ലയിലെ സ്വീകരണം ഒറ്റപ്പാലത്ത് നടക്കും.

ഒറ്റപ്പാലം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയുടെ ജില്ലയിലെ സ്വീകരണം ഒറ്റപ്പാലത്ത് നടക്കും. വെള്ളിയാഴ്ച നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്താണ് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.മന്ത്രി എം.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെൻ്റിനറിയുടെ ഭാഗമായാണ് മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് ജില്ലയിൽ പ്രവേശിക്കുന്ന യാത്രയെ പുലാമന്തോളിൽ വെച്ച് മുഴുവൻ സംഘടനകളുടെയും ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ച് ആനയിക്കും. തുടർന്ന് കൊപ്പത്ത് പൗര പ്രമുഖരെ പങ്കെടുപ്പിച്ച് നടക്കുന്ന സ്നേഹ സംഗമത്തിൽ പങ്കെടുക്കും. ശേഷം പട്ടാമ്പി വഴി ഒറ്റപ്പാലം മർകസിലെത്തും. വൈകുന്നേരം 4.30ന് സ്വീകരണ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള റാലി ഈസ്‌റ്റ് ഒറ്റപ്പാലത്ത് നിന്ന് തുടങ്ങി സമ്മേളന നഗരിയിൽ സമാപിക്കും. 313 സെൻ്റിനറി ഗാർഡ് അംഗങ്ങളുടെ അകമ്പടിയോടെ ജില്ലാ നേതാക്കൾ നേതൃത്വം നൽകുന്ന റാലി നടക്കുക. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ജാഥാ നായകൻ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഉപനായകന്മാരായ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും. ജില്ലയിലെ എംപി, എംഎൽഎമാർ, മറ്റ് രാഷ്ട്രീയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ എൻ.കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, ഷൗക്കത്ത് ഹാജി കാരാക്കുറുശ്ശി, എം. വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അബ്ദു റഷീദ് അശ്റഫി ഒറ്റപ്പാലം, അബൂബക്കർ അവണക്കുന്ന്,അബ്ദുൾ നാസർ സഖാഫി, വി.പി മുഹമ്മദ് റിനീഷ് ഒറ്റപ്പാലം എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *