വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ മറ്റ് രണ്ട് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തേണ്ടതാണ്. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും ആയിരിക്കും പതിച്ചിരിക്കുന്നത്. മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കുന്നതും വോട്ടിംഗ് പൂര്‍ത്തിയാകുന്നതുമാണ്. ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാതിരുന്നാല്‍ താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (ഇതിനെ END ബട്ടണ്‍ എന്ന് പറയും, ഇത് ചുവപ്പ് വോട്ടിങ് നിറത്തിലുള്ളതാണ്.) അമര്‍ത്തി പൂര്‍ത്തിയാക്കേണ്ടതാണ്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുന്ന നീണ്ട ഒരു ബീപ്പ് ശബ്ദം കേള്‍ക്കാം.ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ END ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല. ഇനി ഏതെങ്കിലും ഒരു തലത്തിലേക്ക്(ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) മാത്രം വോട്ട് ചെയ്ത് END ബട്ടണ്‍ അമര്‍ത്തിയാലും വോട്ടിങ് പൂര്‍ത്തിയാവും. END ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് ആര്‍ക്കും വോട്ട് ചെയ്യുവാന്‍ സാധിക്കുന്നതല്ല.