palakkad express news

പൊതുതിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായി 30 ഡിവിഷനുകളിലായി 161 പേരുടെ നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. ഇതില്‍ 89 പുരുഷന്മാരും 72 സ്ത്രീകളും ഉള്‍പ്പെടുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 161 സ്ഥാനാര്‍ത്ഥികളുടെയും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനാ നടപടികള്‍ പുരോഗമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ (നവംബര്‍ 21) അവസാനിച്ചിരുന്നു. ഇന്നലെ വരെ (നവംബര്‍ 21) തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 56 ഡിവിഷനുകളിലായി 339 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതില്‍ 165 പുരുഷന്മാരും 175 സ്ത്രീകളും ഉള്‍പ്പെടുന്നു.ഏഴ് നഗരസഭകളിലായി 650 പുരുഷന്മാരും 760 സ്ത്രീകളും ഉള്‍പ്പെടെ 1410 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 1059 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതില്‍ 513 പുരുഷന്മാരും 546 സ്ത്രീകളും ഉള്‍പ്പെടും. 86 ഗ്രാമപഞ്ചായത്തുകളിലായി 8185 സ്ഥാനാര്‍ത്ഥികള്‍ നാമര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതില്‍ 3729 പുരുഷന്മാരും 4456 സ്ത്രീകളും ഉള്‍പ്പെടും.സ്ഥാനാര്‍ത്ഥിത്വം പിന്‍വിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ന് ഉച്ചതിരിഞ്ഞ് 3 വരെയാണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. സ്ഥാനാര്‍ത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *