palakkad express news

പുലിക്കളിയും കലാപരിപാടികളും: വിപുലമായ ഓണാഘോഷത്തിനൊരുങ്ങി തൃശൂർ

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും തൃശൂർ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് ( സെപ്റ്റംബർ 4) മുതൽ എട്ട് വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നായ്ക്കനാലിന് സമീപം നടക്കും. തൃശൂരിൻ്റെ സ്വന്തം കലയായ പുലിക്കളിയും നിരവധി സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായിട്ടുണ്ടാകും.വർണ്ണാഭമായ വൈദ്യുത ദീപാലങ്കാരത്തോടെഒരുക്കുന്ന ഓണാഘോഷം ഇന്ന്( 04-09-2025) വൈകിട്ട് അഞ്ച് മണിക്ക് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാവും. പരിപാടിയുടെ ഭാഗമായി പുരുഷോത്തമൻ പനങ്ങാട്ടുകര അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കലാസദൻ തൃശൂരിൻ്റെ സംഗീത നിശ, കൊച്ചിൻ ഹീറോസ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവ നടക്കും. വെള്ളിയാഴ്ച തിരുവോണ ദിനത്തിൽ കലാഭവൻ ഷിനു അവതരിപ്പിക്കുന്ന മിമിക്രി വൺമാൻ ഷോ, കൊച്ചിൻ പോപ്പിൻസിൻ്റെ തിരുവാതിരക്കളി എന്നിവയും ഉണ്ടാകും.മൂന്നാം ഓണമായ ശനിയാഴ്ച ജയചന്ദ്രൻ സ്മൃതി ഗാനസന്ധ്യ, ഗസൽ എന്നിവ അരങ്ങേറും. നാലാം ഓണ ദിവസമായ സെപ്റ്റംബർ ഏഴിന് വിപിൻ വിശ്വനാഥ പുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, അനിത ഷെയ്ഖ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ നടക്കും.സമാപന ദിനമായ സെപ്റ്റംബർ എട്ട് തിങ്കളാഴ്ച വൈകിട്ട് നാലോടെ പുലിക്കളി ആരംഭിക്കും. അഞ്ചരയോടെ പുലിക്കളി സമാപിക്കും. തുടർന്ന് സിദ്ധാർത്ഥ് മേനോൻ അവതരിപ്പിക്കുന്ന ഗാനമേളയും രാത്രി എട്ടരയോടെ പുലിക്കളി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.ഉന്നത വിദ്യാഭാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം മേയർ എം കെ വർഗീസ് നിർവഹിക്കും.ജില്ലാ കേന്ദ്രത്തിലെ ആഘോഷങ്ങൾക്ക് പുറമെ പീച്ചി, കലശമല, വിലങ്ങൻകുന്ന്,തുമ്പൂർമുഴി, സ്നേഹതീരം ബീച്ച്, അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ച്, കണ്ടശാംകടവ്,വാഴാനി,ചാവക്കാട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.ജില്ലയിലെ എം പി മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലയിലെ എം എൽ എ മാർ എന്നിവർ വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പങ്കുചേരും. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ചെയർമാനായും പി ബാലചന്ദ്രൻ എം എൽ എ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *