തിരുവില്വാമലയിൽ ടൂറിസം വകുപ്പിനു കീഴിൽ 28 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ‘കഫെ തിരുവില്വാമല’ എന്ന വഴിയോര വിശ്രമകേന്ദ്രം യാത്രികർക്ക് പുത്തൻ അനുഭവം നൽകുന്നു. നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി, പുനർജ്ജനി നൂഴൽ നടക്കുന്ന വില്വാദ്രീനാഥ ക്ഷേത്രം, വിവിധ ഭാഷകൾ സംസാരിക്കുന്ന ഗ്രാമങ്ങൾ, തോണിയാത്ര എന്നിങ്ങനെയുള്ള ടൂറിസം സവിശേഷതകൾ കൊണ്ട് സമ്പന്നമാണ് തിരുവില്വാമല.തിരുവില്വാമല വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് സമീപത്തായി സംസ്ഥാന പാതയോരത്താണ് ടൂറിസം വകുപ്പിൻ്റെ വിശ്രമകേന്ദ്രം. കഫെറ്റീരിയ, ശുചിമുറി, ഭിന്നശേഷി സൗഹൃദ റാമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ദിവസേന നിരവധി യാത്രക്കാർ ഈ കേന്ദ്രത്തിലെത്തുന്നു.’ഫൈവ് സ്റ്റാർ’ നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇരിക്കാൻ വിശാലമായ ഹാൾ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളടങ്ങിയ ‘കെറ്റിൽ ലൈബ്രറി’, മഹാന്മാരുടെ ചിത്രങ്ങളും പെയിന്റിംഗുകളും പ്രദർശിപ്പിച്ചിട്ടുള്ള ഹാൾ എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്. ഒരേസമയം 40 പേർക്ക് ഇവിടെ വിശ്രമിക്കാൻ സാധിക്കും. കുട്ടികൾക്കായി പാർക്ക് നിർമ്മിക്കാനും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.കേരളത്തനിമയുള്ള നാടൻ വിഭവങ്ങളാണ് കഫേയിൽ ലഭ്യമാക്കുന്നത്. 12 പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന സൗജന്യ ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളവും ഇവിടെയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘കഫെ തിരുവില്വാമല’ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് വലിയ മുതൽക്കൂട്ടാണ്.