palakkad express news

ബാലവേലക്കെതിരെ കർശന നടപടി.

ബാലവേല ചെയ്യിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി തൃശ്ശൂർ അഡീഷണൽ ജില്ലാ മാജിസ്‌ട്രേറ്റ് ടി. മുരളി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരം എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ജില്ലയിലെ ചൈൽഡ് ലേബർ റിഹാബിലിറ്റേഷൻ കം വെൽഫെയർ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിലായിരുന്നു ഈ നിർദ്ദേശം.അതിരപ്പിള്ളി വിശ്രമകേന്ദ്രത്തിൽ ബാലവേല നടത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ഉടമസ്ഥയുടെ സ്വന്തം കുട്ടികൾ സ്കൂൾ സമയമല്ലാത്ത ഒഴിവ് സമയങ്ങളിൽ ടോക്കൺ വിതരണം ചെയ്യുകയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താക്കീത് നൽകിയിരുന്നു.

ഈ സാഹചര്യത്തിലാണ് എ.ഡി.എം. നിർദ്ദേശം നൽകിയത്.പൊതു ഇടങ്ങളിൽ ബാലവേല വിരുദ്ധ പോസ്റ്ററുകൾ, പൊതുജന ബോധവത്കരണ പ്രവർത്തനങ്ങൾ, മാസത്തിലൊരിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സഹായത്തോടെ പരിശോധനകൾ, സിനിമാ തിയേറ്ററുകളിൽ സ്ലൈഡ് പ്രദർശനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു. എല്ലാമാസവും പരിശോധനകൾ നടത്തി ബാലവേല വിമുക്തമാക്കാൻ കൂട്ടമായ പരിശ്രമങ്ങൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ ബാലവേല റിപ്പോർട്ട് ചെയ്യുന്നത് കോളേജ് പഠനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എഡ്യൂക്കേഷന് കത്ത് സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ വി.വി. രശ്മി അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ബാലവേല എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ഹെൽപ് ലൈൻ നമ്പറിൽ അറിയിക്കണം.ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.യു. സ്മിത, ഡിസ്ട്രിക്റ്റ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ പി. നീന, ആർ.ഡി.ഒ ജെ.എസ്. ഷാലിജ്, ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ നിവേദ്യ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *