കർക്കടകത്തെ എതിരേൽക്കുക എന്നാൽ മഹാലക്ഷ്മിയെ വീട്ടിലേയ്ക്ക് ആനയിച്ച് കൊണ്ടുവരിക എന്നാണ്.വീടെല്ലാം അടിച്ചുതുടച്ച് വൃത്തിയാക്കി, സുഗന്ധപൂരിതമാക്കി, ശ്രീഭഗവതിക്ക് വെയ്ക്കൽ എന്ന ; ‘ശീപോതിയ്ക്ക് വെയ്ക്കൽ’ ആണ് കർക്കടകത്തിലെ ആദ്യത്തെ ശ്രേഷ്ഠമായ ആചാരം.ദശപുഷ്പങ്ങൾ, തുളസി, വാൽക്കണ്ണാടി, കൺമഷി, ചാന്ത്, കുങ്കുമം, ചന്ദനം തുടങ്ങി, ദേവിയ്ക്ക് ഇഷ്ടമുള്ളതെല്ലാം ഒരുക്കിവെച്ച്, വിളക്കുവെയ്ക്കലാണ് ശ്രീയെ സ്വീകരിക്കാനായി ചെയ്യുന്നത്.അതിനുമുമ്പ്,വീട്ടിലെ വൃത്തികേടുകളിൽ ഇരുന്നുപോയ ;ശ്രീയുടെ ജ്യേഷ്ഠത്തിയായ ചേട്ടയെ പുറത്താക്കലുമുണ്ട്.ചേട്ടയ്ക്കുള്ളത് പുറത്ത് കീറിയ മുറത്തിൽ വെച്ചുകൊടുത്ത്, കുളിച്ച് വസ്ത്രം മാറിയശേഷമാണ് വിളക്കുകത്തിച്ച് ശീപോതിയെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തൽ.കർക്കടകമാസം രാമായണമാസമായി ആചരിക്കുന്നു.എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും ഈ മാസം രാമായണം വായന നടക്കുന്നു.ഈ മാസം ദക്ഷിണായനത്തിലെ ആദ്യമാസമാണ്.രോഗങ്ങൾ കൂടുതൽ, മരണം കൂടുതൽ.പിതൃക്കളുടെ ഭാവം പ്രകൃതിയിൽ ഉയർന്നുനിൽക്കുന്ന കാലമാണ് ഭക്ഷിണായനകാലം.അതിൽത്തന്നെ, കർക്കടകം, പിതൃക്കൾക്ക് ഏറെ പ്രിയപ്പെട്ട മാസവുമാണ്.ഈ മാസത്തിലെ ദേവതാജപം ദേവപദം ലഭിക്കാൻ കാരണമാവും എന്ന വിശ്വാസമുണ്ട്.മൈലാഞ്ചിയിടലും വെള്ളിലത്താളി തേച്ചുള്ള കുളിയും സംക്രമത്തിന് പ്രധാനമാണ്.പിതൃക്കൾക്ക് ഏറെ പ്രിയപ്പെട്ട ; കർക്കടകത്തിലെ കറുത്ത വാവിന് , ഔഷധസേവയും പ്രധാനം.വൈദ്യദേവനായ ധന്വന്തരിയുടെ ക്ഷേത്രങ്ങളിൽ ഈ ഔഷധസേവ അതിവിശേഷവുമാണ്.കർക്കടകത്തിലാണ് ഇല്ലം നിറയും നടക്കാറ്.മഹാലക്ഷ്മിയെ അരിമാവുകൊണ്ടണിഞ്ഞ് സ്വീകരിച്ച്, ധനധാന്യങ്ങളോടെ പൂജിയ്ക്കൽ എന്നത് ക്ഷേത്രങ്ങളിലും വീടുകളിലും നടക്കുന്നു.ഈ മാസത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ,ഉപ്പു ചേർക്കാതെ, തവിടുകൊണ്ടുണ്ടാക്കി ചുട്ട അട കഴിയ്ക്കൽ പതിവുണ്ട്.ഉണങ്ങലരി വറുത്തതും തേങ്ങയും ചുക്കും ശർക്കരയും ചേർത്തുപൊടിച്ചതും അതിൽ, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങും ചേർത്തിടിച്ചത് കറുത്തവാവിൽ കഴിച്ചാൽ ശാരീരിക അസ്വസ്ഥതകൾ മാറും എന്ന് വൈദ്യൻമാർ പറയുന്നു.ദശപുഷ്പം ചൂടലുംമുക്കുറ്റിത്തൊടുകുറി അണിയലും ഈ മാസം പ്രധാനം.സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയുമാണ് എന്ന് ജ്യോതിഷം പറയുന്നു.അപ്രകാരം സൂര്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നും പറയും.കർക്കടകം ചന്ദ്രൻ്റെ മാസമായതിനാൽ, ഭഗവതിയുടെ മാസവുമാണ്.ദേവിയുടെ പ്രതിരൂപങ്ങളായ സ്ത്രീകൾ ഈ മാസം എല്ലാ വിധത്തിലും ആചരിച്ചും ആഘോഷിച്ചും ജീവിതം ശ്രേഷ്ഠമാക്കുന്നു.മുരിങ്ങയില ഒഴികെ, ഇലക്കറികൾ ഏറെക്കഴിക്കേണ്ട മാസമാണ്.ഈ മാസത്തിൽ ചേനയ്ക്കും ചേമ്പിനും ചൊറിച്ചിൽ കുറയുമെന്ന് കാർന്നോന്മാർ സാക്ഷ്യപ്പെടുത്തുന്നു.’കർക്കടകച്ചേന കട്ടിട്ടെങ്കിലും തിന്നണം’ എന്നും പറയാറുണ്ട്.ദശപുഷ്പം ഇടിച്ചുപിഴിഞ്ഞ നീരും ആശാളിവിത്തും ഉലുവയും ചെറുപയറും ജീരകവും ഇട്ട് ഉണ്ടാക്കുന്ന, ഞവരയരികൊണ്ടുള്ള കഞ്ഞി കർക്കടകത്തിൽ കുടിക്കാറുണ്ട്.ഇതിന് കൂട്ടാനായി, പത്തിലത്തോരനും തയ്യാറാക്കും.നാടൻമാങ്ങയുടെ മാങ്ങാണ്ടിയ്ക്കുള്ളിലെ പരിപ്പ് ആയ ‘കട്ടണ്ടി ‘ കൊണ്ട് എന്തുണ്ടാക്കിക്കഴിച്ചാലും; അത് കഴിച്ചവർക്ക് ഇടിമിന്നലേൽക്കില്ല എന്നൊരു നാട്ടറിവുണ്ട്.ഇപ്രകാരം, വർഷത്തിലൊരിയ്ക്കൽ കഴിക്കുന്ന ‘കട്ടണ്ടിപ്പലഹാരം’ ഉണ്ടാക്കുന്നതും കർക്കടകമാസത്തിലാണ്.കർക്കടകമാസത്തിൽ പത്ത് നാൾ മഴയും പത്ത് നാൾ വെയിലും പത്ത് നാൾ മഞ്ഞും കിട്ടുമത്രേ!അതുകൊണ്ടുതന്നെ,’കർക്കടകത്തിൽ പത്തുണക്ക്’ എന്നൊരു ശൈലി പറയാറുണ്ട്.’കർക്കടകത്തിൽ ഇടി വെട്ടിയാൽ കരിങ്കല്ലിനും ദോഷം’ എന്നും പറയുന്നത് കേട്ടിട്ടുണ്ട്.ഞണ്ടിൻ്റെ രൂപത്തിലുള്ള നക്ഷത്രസമൂഹം ആകാശത്തുള്ളപ്പോൾ; ആ രാശിയിലൂടെ സൂര്യൻ കടന്നുപോകുന്ന മാസമാണ് കർക്കടകം.’കർക്കടകം’ എന്നാൽ ‘തേൾ’ എന്നർത്ഥം.മഴയിൽ കുതിർന്ന് മണ്ണ് ഉലർന്നുനിൽക്കുന്ന മാസമായതിനാൽ ഉഴിച്ചിൽ തുടങ്ങിയ ആയുർവ്വേദ ചികിത്സയ്ക്കും ഈ മാസം ഉത്തമം.പ്രകൃതിയിലെ എന്തിലും പുതുനാമ്പുകൾ വരുന്ന ഈ സമയത്ത് ശരീരത്തിലും അത് നടക്കും എന്നർത്ഥം.’മഴപെയ്ത് മണ്ണു തണുത്തിട്ട് ഉഴിയാം’ എന്നാണ് പണ്ടുള്ളവർ പറയാറ്.ഇത്രയൊക്കെ ഗൃഹാതുരതയോടെ പറയുമ്പോഴും;ഒരു വിഷമം മനസ്സിലുണ്ട്.പണ്ട്, കർക്കടകത്തിൽ താളും തകരയുംകൊണ്ടുള്ള വിഭവങ്ങൾ ധാരാളമായിരുന്നു.അച്ഛനും അമ്മയും ഈ മാസത്തിലെ ദിവസങ്ങളിൽ ജോലി കഴിഞ്ഞ് തറവാട്ടിലേയ്ക്ക് വരുമ്പോൾ, കയ്യിൽ ഒരു കെട്ട് തകര കാണുമായിരുന്നു.താള് വീട്ടിൽത്തന്നെ ഉണ്ടാകുമായിരുന്നു.എപ്പോഴോ ഞാൻ ശ്രദ്ധിച്ചുതുടങ്ങി;താളിനെ കാണാതായിരിക്കുന്നു !പിന്നെ ശ്രദ്ധിച്ചു; തകരയും അപ്രത്യക്ഷമായിരിക്കുന്നു !വർഷങ്ങൾക്കുശേഷം താള് കുറേശ്ശെക്കുറേശ്ശെയായി തിരിച്ചുവന്നു.എന്നാൽ, തകര ഇപ്പോഴും മറഞ്ഞുനിൽപ്പാണ്.ഈ അടുത്ത വർഷങ്ങളിൽ ഞാൻ തകരയെ കാണുന്നത് കൊല്ലൂരിലാണ്.കഴിഞ്ഞ വർഷം പെരുങ്ങോട്ടുകുറിശ്ശിഭാഗത്ത്, തീരെ ആരോഗ്യമില്ലാത്ത രണ്ട് ചെടികൾ കണ്ടു.കർക്കടകത്തിൽ വഴിനീളെ കണ്ടിരുന്ന തകരയ്ക്ക് എന്താണ് സംഭവിച്ചത്?!ഓരോ കർക്കടകത്തിലും എൻ്റെ ഉള്ളിലെ ചോദ്യം ഇതാണ്.ചേട്ടയെന്നു ധരിച്ച്, ആരാണ് തകരയെ അടിച്ചുപുറത്താക്കിയത് !ജയരാജ് മിത്രwww.jayarajmithra.com..#karkidakamasam #malayalam #kerala #jayarajmithra