തിരുവില്വാമല :വില്വമലയില്‍ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഗായത്രീ മഹായജ്ഞത്തിന് നാളെ സമാരംഭമാകും. ശ്രീ വ്യാസ തപോധ്യാന്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യജ്ഞത്തിന്റെ ആചാര്യന്‍ ആശ്രമ മഠാധിപതി സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജാണ്. പ്രത്യേകം തയ്യാറാക്കിയ യജ്ഞമണ്ഡപത്തിലാണ് അതിമഹത്തായ ഗായത്രീ സമൂഹ മഹായജ്ഞം നടക്കുന്നത്. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് മുഖ്യകാര്‍മികത്വം വഹിക്കും. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് നേതൃത്വം നല്‍കും.ഗായത്രീ മഹായജ്ഞത്തിന് മുന്നോടിയായി ആകെ പതിനൊന്ന് ഹോമകുണ്ഡങ്ങളുടെ നിര്‍മാണവും ശുദ്ധിയും ഇതിനകം പൂര്‍ത്തിയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആരക്ഷകഹോമം, വാസ്തുബലി, വാസ്തുഹോമം, വാസ്തുപൂജ, കലശസ്ഥാപനം എന്നിവ നടന്നു.24 അക്ഷരങ്ങള്‍ ഉള്ളതായ ഗായത്രിക്ക് അഞ്ച് മുഖങ്ങള്‍ ഉള്ളതിനാല്‍ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളുടെ പ്രതീകമായി അഞ്ച് കലശങ്ങളാണ് സ്ഥാപിക്കുന്നത്. ഇത് വളരെ സവിശേഷമാണ്. പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്തവര്‍ ഉള്‍പ്പെടെ നിരവധി സംന്യാസശ്രേഷ്ഠന്‍മാര്‍ പങ്കെടുക്കും. ഫെബ്രുവരി 9 വരെ യജ്ഞം നീണ്ടുനില്‍ക്കും.