സുസ്ഥിരതയിലൂന്നിയ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മാത്രമേ നാടിന് മുന്നേറാന്‍ സാധിക്കൂ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ്. തൃത്താല മണ്ഡലത്തില്‍ നടപ്പിലാക്കിയ ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ഡബ്യു.എ.എസ്.സി.എ -രണ്ട് (Water Security and Climate Adaptation) പദ്ധതിയുടെ ഭാഗമായി പാലക്കാട്, കാസറകോട് ജില്ലകളുടെ സംയോജിത ജലവിഭവ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ആശയ വിനിമയ ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, പരിസ്ഥിതി പുനഃസ്ഥാപനം, ജീവനോപാധികളുടെ വികസനം തുടങ്ങിയ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജര്‍മന്‍ ഫെഡറേഷന്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കമ്മീഷന്‍ ചെയ്ത ഡബ്യു.എ.എസ്.സി.എ -രണ്ട് ഉഭയകക്ഷി പദ്ധതിയുടെ ഭാഗമായാണ് സംയോജിത ജലവിഭവ പരിപാലന പദ്ധതികള്‍ തയ്യാറാക്കിയത്. പദ്ധതിയുടെ വെബ്‌സൈറ്റ് സമര്‍പ്പണവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.
‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന്‍ ഉദ്ഘാടനം ചടങ്ങില്‍ വെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ശാസ്ത്രീയ കൃഷി രീതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിളവ് ലഭിക്കുന്ന രീതിയിലുള്ള മാതൃകാപരമായ കൃഷിരീതികള്‍ നടപ്പിലാക്കാന്‍ സാധിക്കേണ്ടതുണ്ട്. ലാഭകരമായ കൃഷിയിലുടെ ഓരോ കര്‍ഷക കുടുംബത്തെയും രക്ഷപ്പെടുത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് സൂര്യ രശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. ഡബ്യു.എ.എസ്.സി.എ (രണ്ട്) പ്രൊജക്ട് മാനേജര്‍ കൃഷ്ണന്‍ ത്യാഗി, ഡബ്യു.എ.എസ്.സി.എ (രണ്ട്) ടെക്നിക്കല്‍ അഡ്വൈസര്‍ സ്റ്റീഫന്‍ ധോം തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, എം.ജി.എൻ.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി.എസ് ശുഭ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ സ്വാഗതവും നവകേരളം കര്‍മപദ്ധതി-2 ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി നന്ദിയും പറഞ്ഞു. പ്രകാശനത്തിന് മുന്നോടിയായി നടന്ന ആശയ വിനിമയ ശില്‍പശാലയില്‍ ശില്‍പശാലയില്‍ ഡബ്യു.എ.എസ്.സി.എ (രണ്ട്) പ്രൊജക്ട് മാനേജര്‍ കൃഷ്ണന്‍ ത്യാഗി മോഡറേറ്ററായിരുന്നു.