palakkad express news

തൃശ്ശൂര്‍ താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത്‌ മന്ത്രി കെ. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു

മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച്  തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ തൃശ്ശൂര്‍ താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത്‌ റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷതവഹിച്ചു.

കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തില്‍തന്നെ പരിഹരിക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ സംസ്ഥാന സർക്കാർ ക്യാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റ് ചിലത്‌ വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമസഭകൂടിയായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സർക്കാർ  ആനുകൂല്യങ്ങള്‍ ജനങ്ങൾക്ക്  ലഭ്യമാക്കാന്‍ ഏതെല്ലാം വിധത്തിലുള്ള വഴികളിലൂടെ പോകണമോ ആ വഴികളിലൂടെ പോകുക എന്നതാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ നിയമയും ചട്ടവും മാറ്റി എഴുതുമെന്നും മന്ത്രി ആവർത്തിച്ചു.

ഇപ്പോള്‍ കേരളത്തിലെ ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്‌. ഇപ്പോള്‍ വില്ലേജ്‌, പഞ്ചായത്ത്‌, കോര്‍പ്പറേഷന്‍ തുടങ്ങിയ ഓഫീസുകളില്‍ പൊതുജനങ്ങള്‍ പരാതികൊടുക്കുമ്പോള്‍ ആ പരാതി സ്‌കാന്‍ ചെയ്‌ത്‌ പരാതി ഓണ്‍ലൈനിലാക്കി സെക്രട്ടേറിയേറ്റിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കാണാന്‍ കഴിയുന്ന വിധത്തിലാക്കി വേഗത്തില്‍ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഹാപ്പിനസ്‌ ഇന്‍ഡക്‌സുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, അതിന്റെ ഗതിവേഗം പകരുന്ന ഒരു നടപടികൂടിയായി അദാലത്തുകള്‍ മാറുമെന്ന്‌ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

അദാലത്തിൻ്റെ ഉദ്ഘാടന വേദിയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരൻ അമ്പാടിക്ക് ലയൺസ് ക്ലബ്ബ് നൽകിയ വീൽചെയർ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ ചേർന്ന് കൈമാറി. വേദിയിൽ വെച്ച് 20 പട്ടയങ്ങളും വിതരണം ചെയ്തു.

തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ അദാലത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ്, ഡെ. മേയർ എം.എൽ റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരന് കരുതലും കൈതാങ്ങും അദാലത്തിൽ വീൽചെയർ കൈമാറി

ലൈഫിൽ വീട് നൽകാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി രാജൻ നിർദേശിച്ചു

കാഴ്ച പരിമതിയും മറ്റ് ശാരീരിക മാനസിക വെല്ലുവിളികളും നേരിടുന്ന  ആറുവയസുകാരൻ മരോട്ടിച്ചാൽ ബിനുവിന്റെ മകൻ അമ്പാടിക്ക് തൃശ്ശൂർ ടൗഹാളിലെ കരുതലും കൈതാങ്ങും പരാതി പരാഹാര അദാലത്തിൽ വീൽ ചെയർ നൽകി.

തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ  ഇടപെടലിലൂടെ ലയൺസ് ക്ലബാണ് വീൽചെയർ നൽകിയത്. റവന്യൂ മന്ത്രി  കെ രാജൻ അദാലത്ത് വേദിയിൽ വീൽചെയർ അമ്പാടിക്ക്  കൈമാറി. അമ്പാടിയുടെ അമ്മ തനിക്ക് ഇഷ്ടദാനം ലഭിച്ച ഭൂമിയിൽ വീടുവക്കാനുള്ള സഹായം മന്ത്രിയോട് അഭ്യർത്ഥിച്ചു. പരാതി കേട്ട മന്ത്രി അമ്പാടിക്കു വീടു വച്ചു നൽകാനാവശ്യമായ നടപടികളെടുക്കാൻ തൃശ്ശൂർ തഹദിർദാർക്ക് നിർദ്ദേശം നൽകി.

കരുതലും കൈത്താങ്ങും : തൃശൂർ താലൂക്കിൽ 21 പേർക്ക് റേഷൻ കാർഡ് മാറ്റി നൽകി

ടൗൺഹാളിൽ നടത്തിയ കരുതലും കൈത്താങ്ങും തൃശൂർ താലൂക്ക് അദാലത്തിൽ 21 പേർക്ക് അർഹ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റി നൽകി. പത്തുപേർക്ക് ചുവപ്പ് ബിപിഎൽ റേഷൻ കാർഡ് അനുവദിച്ചു നൽകി. 11 അപേക്ഷകർക്ക് മഞ്ഞ എ എവൈ റേഷൻ കാർഡും വിതരണം ചെയ്തു. ഗുരുതര രോഗം ബാധിച്ച പൊതുവിഭാഗം കാർഡുകളാണ് ചുവപ്പ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകിയത്. ഗുരുതര രോഗമുള്ളതും ഒറ്റയ്ക്ക് താമസിക്കുന്നതുമായ വിധവകൾക്കാണ് മുൻഗണനാ കാർഡ് എ എവൈ അന്ത്യോദയ റേഷൻ കാർഡാക്കി മാറ്റി നൽകിയത്.

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന സന്തോഷത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വി.എസ്. ലിജിഷ്മയ്ക്ക് നാട്ടിക എസ് എൻ കോളേജ് തളിക്കുളം പഞ്ചായത്തിൽ അനുവദിച്ച മൂന്ന് സെന്റ് ഭൂമിയിൽ  ലൈഫ് പദ്ധതിയിൽ വീട് വെച്ച് നൽകാൻ കരുതലും കൈത്താങ്ങും പദ്ധതി അദാലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു തളിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. നാട്ടിക എസ്.എൻ. കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് വി. എസ്. ലിജിഷ്മ. ലിജിഷ്മയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലായിരുന്ന ലിജിഷ്മ ഏറെ നാളായി ലൈഫ് മിഷനിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. കരുതലും കൈത്താങ്ങും അദാലത്തിലൂടെ ലിജീഷ്മയെപ്പോലുള്ള നിരവധി പേരുടെ സ്വപ്നങ്ങളാണ് സഫലമായത്.  കോളേജ്   നൽകിയ ഭൂമിയിൽ വീട് പണി ആരംഭിക്കാനുള്ള സാവത്തികമില്ലാത്ത സ്ഥിതിയിലായിരുന്നു കുടുംബം.

ജോൺസണ്  15 ദിവസത്തിനകം വീട്ടു നമ്പർ ലഭ്യമാക്കാൻ നിർദ്ദേശം

തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ ചുങ്കത്ത് ജോൺസൺ സി.പി. യ്ക്ക് വീട്ടുനമ്പർ ലഭിക്കുന്നത് സംബന്ധിച്ച പരാതിയിൽ 15 ദിവസത്തിനകം പരിശോധിച്ച് പരിഹാരം കാണാൻ റവന്യു മന്ത്രി കെ. രാജൻ അടാട്ട് ഗ്രാമപഞ്ചായത് സെക്രട്ടറിക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ നിർദ്ദേശം നൽകി.

അടാട്ട് ഗ്രാമപഞ്ചായത്ത് ചിറ്റിലപ്പിള്ളി വില്ലേജിൽ രണ്ടാം വാർഡിൽ നൂറു വർഷമായി താമസിച്ചു വരുന്ന സ്ഥലത്ത് പുതുതായി പണിത വീടിനാണ്  വീട്ടുനമ്പർ ലഭിക്കുവാൻ വേണ്ടി അപേക്ഷ നൽകിയിരുന്നത്.

കരുതലും കൈത്താങ്ങും തൃശ്ശൂർ താലൂക്ക് അദാലത്തിൽ 20 പട്ടയങ്ങൾ വിതരണം ചെയ്തു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഭാഗമായി  തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ താലൂക്ക്തല അദാലത്തിൽ 20 പട്ടയങ്ങൾ കൈമാറി.

തൃശ്ശൂർ താലൂക്കിലെ ഒല്ലൂർ വില്ലേജിലെ നവജ്യോതി നഗറിൽ 13 ഉം ശാന്തിനഗറിൽ 7 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാത്തതുകാരണം കാലങ്ങളായി പട്ടയം കൊടുക്കാൻ കഴിയാതിരുന്ന ഭൂമിക്കാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് റവന്യൂ വകുപ്പ് എൽഎ പട്ടയങ്ങൾ നൽകിയത്.

വയോധികയ്ക്ക് മകൻ്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി

മകൻ്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും അദാലത്തിൽ വന്ന 76 ക്കാരിയായ വയോധികയ്ക്ക് ആശ്വാസം. തൃശ്ശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിലെ റോസ്സിയായിരുന്നു പരാതിക്കാരി. പരാതി അനുഭാവപൂർവ്വം കേട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പരാതിയിൽ ഉടനടി പരിഹാരം ഉണ്ടാക്കി വയോധികരായ മാതാപിക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ തൃശ്ശൂർ ആർ. ഡി.ഒ.ക്ക്   നിർദ്ദേശം നൽകി.

മാനുഷിക പരിഗണനനൽകി വിധവാ പെൻഷന് പരിഹാരം കാണാൻ നിർദ്ദേശം

വീട്ടിലെ ഏസി വില്ലനായപ്പോൾ

വിധവാ പെൻഷൻ അനുവദിക്കുന്നതിന് വടൂക്കര പൂക്കാട് വീട്ടിൽ എ.വി. ജൈത്രി നൽകിയ പരാതിയിൽ പരിഹാരം കാണാൻ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് റവന്യൂ മന്ത്രി കെ.രാജൻ നിർദ്ദേശം നൽകി.

2024 ഏപ്രിൽ 15 ന് വിധവാ പെൻഷനായി സമർപ്പിച്ച പരാതി വീട്ടിൽ ഏസി  ഉണ്ടെന്ന കാരണത്താൽ നിരസിക്കപ്പെടുകയായിരുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ജൈത്രിക്ക് ചൂടുമൂലം ഉണ്ടാകുന്ന ത്വക് അലർജിയിൽ നിന്നുള്ള ആശ്വാസത്തിനായാണ് ഏസി ഉപയോഗിക്കുന്നതെന്ന്  മനസിലാക്കിയ മന്ത്രി മാനുഷിക പരിഗണന നൽകി പ്രശ്നപരിഹാരത്തിനു നടപടി എടുക്കാൻ  നിർദ്ദേശിക്കുകയായിരുന്നു.

തൃശ്ശൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 549 പരാതികള്‍ പരിഗണിച്ചു

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ താലൂക്ക്തല അദാലത്തില്‍ 549 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 303 പരാതികളും നേരിട്ട് 246 പരാതികളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 303 പരാതികളില്‍ 87 പേര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു.

അദാലത്തില്‍ 246 പരാതികള്‍ പുതുതായി സ്വീകരിച്ചതില്‍ 135 പേര്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. മുഴുവന്‍ പരാതികളിലും  അടിയന്തര പരിഹാരം കാണുന്നതിനായി വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ 21 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകളും, 20 പേര്‍ക്ക് പട്ടയവും വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *