പാലക്കാട്: ദേശീയകുഷ്ഠരോഗനിർമാർജ്ജന പരിപാടിയുടെ ഭാഗമായുള്ള സമ്പര്‍ക്ക രോഗ ചികിത്സയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. കുഷ്ഠരോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് പ്രതിരോധ മരുന്ന് നൽകുന്ന പദ്ധതിയാണ് സമ്പർക്കചികിത്സാ പദ്ധതി. ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും കീഴിലുള്ള രോഗികളുടെ വീട്ടിലുള്ളവർ, ജോലി സ്ഥലത്തുള്ളവർ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവർക്കാണ് പ്രതിരോധ മരുന്ന് നൽകുന്നത്. സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. ഒരു ഡോസ് റിഫാംപിസിൻ എന്ന മരുന്ന് ഇവർക്ക് നൽകിയാൽ 60 ശതമാനം ആളുകൾക്ക് അസുഖം വരാതെ നമുക്ക് രക്ഷപ്പെടുത്താം എന്നാണ് പഠനങ്ങൾ പറയുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ (ആരോഗ്യം) നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ഷാബിറ നിർവഹിച്ചു. കുഷ്ഠരോഗത്തിനുള്ള പ്രതിരോധമരുന്നായ റിഫാംപിസിൻ വണ്ണാമട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് നൽകികൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആര്‍ വിദ്യ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ.വി ഗീത വിഷയാവതരണം നടത്തി. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് , പട്ടികവർഗ വികസന ഓഫീസർ എം. ഷെമീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. അനൂപ് റസാഖ്, ജില്ലാ നഴ്സിങ്ങ് ഓഫീസർ കെ. രാധാമണി, ചിറ്റൂർ വനിത ശിശു വികസന ഓഫീസർ മീനാക്ഷിക്കുട്ടി, ടെക്നിക്കൽ അസിസ്റ്റൻ്റ് പി. ബൈജു കുമാർ, വണ്ണാമട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ ചാക്കോ, ജില്ലാ എഡുക്കേഷൻ ആന്റ് മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കുഷ്ഠരോഗം
ലെപ്രസി അഥവാ കുഷ്ഠരോഗം മൈക്കോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ മൂലം പകരുന്ന ഒരു അസുഖമാണ് കുഷ്ഠ രോഗം. പ്രധാനമായും തുമ്മുകയും ചീറ്റുകയും ചെയ്യുമ്പോഴുള്ള വായു കണികകളിലൂടെയാണ് രോഗം പകരുന്നത്. ഇത് ഒരു പാരമ്പര്യ രോഗമല്ല. രോഗിയായ ഒരാളിൽ നിന്നും രോഗാണുക്കൾ വായുവിലൂടെ രോഗമില്ലാത്ത വേറൊരു ആളിൽ എത്തിയാൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ രണ്ട് മുതൽ അഞ്ചു കൊല്ലം വരെ എടുക്കും. ഇതാണ് പുതിയ രോഗികളെ കണ്ടെത്തുന്നതിന് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കേരളത്തിൽ തമിഴ് നാടിനോട് ചേർന്ന് കിടക്കുന്ന പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. നിലവില്‍ ആകെ 76 രോഗികളാണ് ജില്ലയിലുള്ളത്. ഇതില്‍ 69 പേര്‍ രോഗ തീവ്രത കൂടുതലുള്ളവരും ഏഴ് പേര്‍ രോഗ തീവ്രത കുറഞ്ഞവരുമാണ്.
രോഗലക്ഷണങ്ങൾ
തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്ന നിറം മങ്ങിയ പാടുകൾ, ഈ പാടുകളിൽ വിയർപ്പിലാതിരിക്കുക രോമങ്ങൾ ഇല്ലാതിരിക്കുക, ചൂടും തണുപ്പും അറിയാതിരിക്കുക, സ്പർശനശേഷി കുറയുക എന്നിവയാണ് പ്രധാനമായും കാണുന്നത്. തുടക്കത്തിൽ ഒന്നോ രണ്ടോ മാത്രം കാണുന്ന പാടുകളുടെ എണ്ണം രോഗ തീവ്രത കൂടുന്നതിന് അനുസരിച്ച് എണ്ണവും കൂടും. ക്രമേണ ഞരമ്പുകളുടെ ശക്തി കുറയുകയും കൈ, കാൽ, വിരലുകൾ എന്നിവയുടെ പ്രവർത്തനശേഷി കുറയുകയും ചെയ്യും. കണ്ണുകൾ മുറുക്കി അടയ്ക്കാൻ പറ്റാതിരിക്കുകയും തുടർന്ന് കണ്ണിൽ അണുബാധ ഉണ്ടായി കാഴ്ച ശക്തി കുറയുകയും ചെയ്യാം. കാലിലേയും കയ്യിലേയും സ്പർശനശേഷി കുറഞ്ഞ് മുറിവുകളും വ്രണങ്ങളും ഉണ്ടാകുകയും തുടരെ തുടരെ അണുബാധ ഉണ്ടാകുകയും വിരലുകൾ നഷ്ടപ്പെടുന്ന അവസ്ഥയും വന്ന് ചേരാം. രോഗത്തിന്റെ ബുദ്ധിമുട്ടുകൾക്കൊപ്പം സമൂഹത്തിൽ ഇവർ അനുഭവിക്കുന്ന വിവേചനമാണ് ഇവരുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.
രോഗം എങ്ങനെ തടയാം ?
എത്രയും വേഗം രോഗം കണ്ടെത്തുകയും പൂർണമായ ചികിത്സ എടുക്കുകയും ചെയ്താൽ സമ്പൂർണ്ണ രോഗമുക്തി നേടാവുന്നതാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറു മുതല്‍ 12 മാസം വരെ ഒന്നിൽ കൂടുതൽ മരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സ. മരുന്നുകൾ എല്ലാ ഗവൺമെന്റ് ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കും.