palakkad express news

പാലക്കാട് സരിൻ തരംഗം, വിജയമുറപ്പിച്ച് കൊട്ടിക്കലാശത്തിനൊരുങ്ങി എൽഡിഎഫ്*

പാലക്കാട് ഉപതരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ലാപിലേക്കടുക്കുമ്പോൾ ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാടുകളെ മണ്ഡലത്തിലെ ജനങ്ങൾ ഏറ്റെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നത്. ഞായറാഴ്ച കണ്ണാടിയിലും ഒലവക്കോടും സുൽത്താൻപേട്ടയിലും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിച്ച മുഖ്യമന്ത്രി കോൺഗ്രസിനെയും ലീഗിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചു. താൽക്കാലിക വിജയത്തിനായി ഏത് വർഗീയശക്തികളോടും കൂട്ടുകൂടുന്ന നിലയിലേക്ക് കോൺഗ്രസ് അധപ്പതിച്ചിരിക്കുന്നുവെന്നും ന്യൂനപക്ഷ സംരക്ഷണം എന്നത് ലീഗിൻ്റെ കപട മുഖമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ആർഎസ്എസിൽ നിന്നും യാതൊരു രാഷ്ട്രീയ മനംമാറ്റവുമില്ലാതെ വന്ന വ്യക്തിയെ കോൺഗ്രസ് സ്വീകരിച്ചതിന്റെ ജാള്യത മറയ്ക്കാൻ വലതുപക്ഷ മാധ്യമങ്ങളെ കൂടെ കൂട്ടുപിടിച്ച് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരെ കള്ള വാർത്തകൾ മെനയുകയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ മേഖലയിലും വ്യവസായത്തിലും വിദ്യാഭ്യാസത്തിലും വിവരസാങ്കേതികവിദ്യയിലും ഉൾപ്പെടെ നാനാ മേഖലയിലും കേരളം വികസനോന്മുഖമായി ലോകത്തിനും രാജ്യത്തിനും മാതൃകയാകും വിധം വളരുകയാണ്. 2016 മുതൽ എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വിവിധ മേഖലയിലെ നടപടികളാണ് ഈ മാറ്റത്തിന് ആധാരം ആ മാറ്റത്തിലേക്ക് പാലക്കാടിനെയും ചേർത്തുവയ്ക്കാൻ നമുക്ക് സാധിക്കണമെന്നും അതിന് പാലക്കാടിന്റെ ജനപ്രതിനിധിയായി എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ നിയമസഭയിൽ എത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. ഒരുകാലത്ത് വ്യവസായം തുടങ്ങാൻ പറ്റാത്ത സ്ഥലം എന്ന് പറഞ്ഞിടത്തുനിന്നും വ്യവസായ സൗഹൃദത്തിൽ ഒന്നാമതായി കേരളത്തെ മാറ്റിത്തീർക്കാൻ നമുക്ക് സാധിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുള്ള സംസ്ഥാനം ആയി നമ്മുടെ കേരളം മാറി. ലോകത്തെ പല പ്രമുഖ വ്യവസായികളും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കാൻ കേരളത്തെ തേടിയെത്തുന്ന നിലയുണ്ടായി. കൊവിഡ് മഹാമാരി കാലത്ത് ലോകം വിറങ്ങലിച്ചു നിന്നപ്പോൾ മാതൃകാപരമായി ആരോഗ്യ മേഖലയെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിച്ചു. നമ്മുടെ വിദ്യാഭ്യാസ മേഖല പുതിയകാലത്തെ തൊഴിൽ സാധ്യതകൾക്കനുസരിച്ച് മാറ്റിയെടുക്കാൻ നമുക്ക് സാധിച്ചു. ഇങ്ങനെ നാനാ മേഖലയിലും പുരോഗതി അടയാളപ്പെടുത്തുകയാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തിൻറെ ക്ഷേമ പദ്ധതികളെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തുമ്പോഴും വീണുപോവാതെ പിടിച്ചുനിൽക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് വർഷങ്ങളോളം കുടിശ്ശികയായിരുന്ന ക്ഷേമപെൻഷൻ നിലവിൽ 5 ഗഡു മാത്രമാണ് കുടിശ്ശികയായുള്ളത് അതിൽ രണ്ട് ഗഡു ഈ വർഷവും മൂന്നെണ്ണം അടുത്ത വർഷവും കൊടുത്തു തീർക്കുമെന്നും ഇനിമുതൽ കുടിശ്ശികയില്ലാതെ പെൻഷൻ വിതരണത്തിന് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽ മലയിലും നടന്ന ദുരന്തങ്ങളിൽ കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നിഷേധിച്ച കേന്ദ്രസർക്കാരിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും വയനാടിനെയും വയനാട്ടിലെ ജനതയെയും കൈവിടാൻ എൽഡിഎഫ് സർക്കാർ ഒരുക്കമല്ലെന്നും സർക്കാർ വിഭാവനം ചെയ്ത ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ വയനാട്ടിൽ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും ഉതകുന്ന രീതിയിൽ കേരളത്തെ മാറ്റിയെടുക്കാനും ഐടി മേഖലയിൽ ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങൾ കൊണ്ടുവരാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെ കാലാനുസൃതമായി നാനാ മേഖലയിലും പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തോടൊപ്പം പാലക്കാടിനെയും ചേർത്ത് നിർത്താൻ പാലക്കാടിന്റെ ജനപ്രതിനിധിയായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിന് സ്റ്റെതസ്കോപ്പ് അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി നിയമസഭയിലേക്ക് അയക്കണമെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *