palakkad express news

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ” – സംവാദം നടത്തി.

ഒറ്റപ്പാലം :ഏട്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് ‘മാധ്യമങ്ങൾ കാണാത്ത ഇന്ത്യ’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. നവംബർ 17 ഞായറാഴ്ച ഒറ്റപ്പാലം സി എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ വെങ്കിട്ടേഷ് രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ. എ നിധിൻ നാഥ് ആണ് സംവാദം മോഡറേറ്റ് ചെയ്തത്. ഒറ്റപ്പാലം മുനിസിപ്പൽ ചെയർപേഴ്സൺ ജാനകി ദേവി അധ്യക്ഷത വഹിച്ച യോഗത്തിന് ജിതിൻ കെ സി സ്വാഗതവും ശ്രീവ്യാസൻ നന്ദിയും പറഞ്ഞു. 2025 ജനുവരി 9,10,11,12 തീയതികളിലാണ് ഇത്തവണത്തെ ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ അടുത്തറിയുകയും രേഖപ്പെടുത്തുകയും പാർശ്വവൽകൃതരായ മനുഷ്യരുടെയും ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെയും പ്രശ്നങ്ങൾ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത വെങ്കിടേഷ് രാമകൃഷ്ണൻ രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകരില്‍ ഒരാളാണ്. 1986 ലാണ് അദ്ദേഹം മാധ്യമ പ്രവർത്തന രംഗത്തെത്തിയത് . ദേശാഭിമാനി,ദി ഹിന്ദു, ടെലഗ്രാഫ്, ബി.ബി.സി, തേര്‍ഡ് ഐ ടി.വി, മറ്റ് നിരവധി ഇംഗ്ലീഷ്, മലയാളം അനുകാലികങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.അയോദ്ധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഗൂഢനീക്കങ്ങളും ആസൂത്രിതമായ മസ്ജിദ് തകർക്കലും നേരിൽ വീക്ഷിച്ച് പകർത്തിയ വെങ്കിടേഷിന്‍റെ റിപ്പോർട്ടുകൾ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ദി ഹിന്ദു ഗ്രൂപ്പിൻ്റെ പ്രസിദ്ധീകരണമായ ‘ഫ്രണ്ട് ലൈൻ ‘ ൻ്റെ സീനിയർ അസോസിയേറ്റ് എഡിറ്ററായിരുന്നു. നിലവിൽ ‘ ദി ഐഡം ‘ എന്ന ബഹുഭാഷാ പോർട്ടലിന്‍റെ മാനേജിംങ് എഡിറ്ററാണ്. മാധ്യമരംഗത്തോടൊപ്പം മറ്റ് സാമൂഹ്യ സേവന രംഗത്തും വെങ്കിടേഷ് സജീവമാണ്.

കേരള നിയമ സഭയുടെ സഭ ടിവിയുടെ മുഖ്യ ഉപദേഷ്ടാവായും പ്രവർത്തിച്ചു. മൂന്നര പതിറ്റാണ്ട് പിന്നിട്ട മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *