പാലക്കാട് : നെല്ല് സംഭരണത്തിൽ പ്രതി വർഷം 500 കോടിയിൽപരം രൂപയുടെ അഴിമതി നടക്കുന്നുവെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. അഴിമതിക്ക് പിന്നിൽ ഭരണകക്ഷിയിൽപെട്ട പ്രധാന ഘടകകക്ഷി നേതാവിന്റെ മകനാണെന്നും,സംഭരിക്കാത്തതും, കൃഷി ചെയ്യാത്തതുമായ നെല്ലിന്റെ പേരിലാണ് കോടികൾ വെട്ടിച്ചെടുക്കുന്നതെന്നും കൃഷ്ണ കുമാർ ആരോപിച്ചു നെല്ല് സംഭരിക്കാൻ കർഷകർ രജിസ്റ്റർ ചെയ്തിരിക്കുന്ന നെല്ലിന്റെയും, ഭൂമിയുടെയും അളവിൽ കൃത്രിമത്വം കാണിച്ചാണ് തട്ടിപ്പെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. 2023- 24 ൽ നെല്ല് സംഭരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് 148833 ഹെക്ടർ ഭൂമിയാണ്. എന്നാൽ 170994 ഹെക്ടർ ഭൂമിയിൽ നിന്ന് നെല്ല് സംഭരിച്ചതായാണ് കാണിച്ചിരിക്കുന്നത്. 2022-23 ൽ 1,70,000 രജിസ്ട്രേഷൻ ആണ് വന്നത് എന്നാൽ 1,82,000 ഹെക്ടറിൽ നിന്നും നല്ല സംഭരിച്ചതായാണ് കാണിച്ചിരിക്കുന്നത്. 2021- 22 ൽ 1,71000 രജിസ്ട്രേഷൻ വന്നതിൽ 1,84000 ഹെക്ടറിൽ നിന്നും നെല്ല് സംഭരിച്ചതായാണ് കാണിച്ചിരിക്കുന്നത്. ഇങ്ങിനെ ഇല്ലാത്ത ഭൂമിയിൽ നിന്നും നെല്ല് സംഭരിച്ചതായി കാണിച്ച് കോടികൾ ആണ് തട്ടിയെടുത്തിരിക്കുന്നത് . കൃഷ്ണകുമാർ വ്യക്തമാക്കി.ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പതിനാറിനും, പതിനെട്ടു രൂപയ്ക്കും കിട്ടുന്ന നെല്ല് പാലക്കാട്ടെയും, കുട്ടനാട്ടിലെയും കൃഷി ചെയ്യാത്ത കർഷകരുടെയും ,ഭൂമിയുടെയും പേരിൽ, വ്യാജമായി നെല്ല് സംഭരിച്ചതായി കണക്കുണ്ടാക്കി സംഭരണ വില തട്ടിയെടുക്കുന്ന വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ട്. ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ മകൻറെ നേതൃത്വത്തിൽ കഴിഞ്ഞ കുറേക്കാലമായി ഈ ലോബി പ്രവർത്തിച്ചുവരികയാണ്. 400- 500 കോടി രൂപയുടെ വെട്ടിപ്പാണ് നടക്കുന്നത്. കൃഷ്ണകുമാർ പറഞ്ഞു കർഷകർ രജിസ്ട്രർ ചെയ്യുന്നതിലും എത്രയോ ഇരട്ടി അധികം കാണിച്ചാണ് നെല്ല് സംഭരിക്കുന്നത്. കേന്ദ്രസർക്കാറിന്റെയും, സംസ്ഥാന സർക്കാറിന്റെയും വിഹിതം തട്ടിയെടുക്കുന്ന ഈ ലോബിക്കെതിരെ അന്വേഷണം നടക്കണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.